പൂക്കോട്ടൂര്‍: 1921ല്‍ പൂക്കോട്ടൂരില്‍ നടന്ന പോരാട്ടം ലോകത്തെ മുഴുവന്‍ സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്കും പ്രചോദനവും ഊര്‍ജ്ജവുമാണെന്ന് എം.പി. അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു.  'പൂക്കോട്ടൂര്‍ പോരാട്ടം, ചരിത്രം വര്‍ത്തമാനം' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി പൂക്കോട്ടൂര്‍ യൂനിറ്റ് മുണ്ടിതൊടികയില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയുടെ ദേശീയബോധത്തെയും മതേതര ഭരണഘടനയെയും രൂപപ്പെടുത്തുന്നതില്‍ മലബാറില്‍ രൂപപ്പെട്ട ചെറുത്തുനില്‍പ് കൂട്ടായ്മകള്‍ക്ക് വലിയ പങ്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും രൂപപ്പെട്ട ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് സാമ്രാജ്യത്വത്തെ ഭയപ്പെടുത്തുന്നതെന്നും അതുകൊണ്ട് ചരിത്രത്തെ വര്‍ത്തമാനവല്‍ക്കരിക്കേണ്ട സന്ദര്‍ഭത്തിലാണ് ഇപ്പോഴും നമ്മുടെ നാട് എത്തിനില്‍ക്കുന്നതെന്നും തുടര്‍ന്ന് സംസാരിച്ച പ്രമുഖ ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.ചരിത്രത്തില്‍ പൂക്കോട്ടൂര്‍ പോരാട്ടവും മലബാര്‍ സമരവും അര്‍ഹമായ രീതിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെക്കുറിച്ച് വരുംതലമുറക്ക് അറിയാനും പഠിക്കാനുമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു.


ഇസ്‌ലാമിക ആദര്‍ശത്തിന്റെ സവിശേഷമായ വിമോചനമുഖത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് ധീരരായ മാപ്പിളമാര്‍ ബ്രിട്ടീഷ് അടിമത്തത്തിനെതിരെ രംഗത്തുവന്നതെന്നും ജാതിമതഭേദമന്യേ മുഴുവന്‍ ആളുകളെയും ചേര്‍ത്തുനിര്‍ത്തി വലിയ ചെറുത്തുനില്‍പ് നടത്താന്‍ അതവരെ പ്രേരിപ്പിച്ചുവെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീറും കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയരക്ടറുമായ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു.

സ്ത്രീകളും കുട്ടികളും വരെ പൂക്കോട്ടൂര്‍ പോരാട്ടത്തില്‍ പങ്കെടുത്തുന്നുവെന്നും ഓരോ വീട്ടിലും ഓരോ രക്തസാക്ഷിയെങ്കിലും ഉണ്ടാവുന്ന തരത്തിലാണ് മലബാറില്‍ സ്വാതന്ത്ര്യസമരം നടന്നതെന്നും  പി.എസ്.എം.ഒ. കോളജ് ചരിത്രവിഭാഗം തലവന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ സത്താര്‍ പറഞ്ഞു.
സോളിഡാരിറ്റി പൂക്കോട്ടൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന 'പൂക്കോട്ടൂര്‍ പോരാട്ടത്തിന്റെ പറഞ്ഞുതീരാത്ത കഥകള്‍' എന്ന ഡോക്യമെന്ററി ശൈഖ് മുഹമ്മദ് കാരകുന്ന് പ്രകാശനം ചെയ്തു.

സാമൂഹ്യസേവനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന മാരിയാട് ആര്‍ട്‌സ് ആന്റ്‌സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍, സംസ്ഥാന കലോത്സവത്തിലും മീഡിയാവണ്‍ ചാനലിലും മികച്ച പ്രകടനം നടത്തിയ റബീഉള്ള പൂല്‍പറ്റ, പൂക്കോട്ടൂരിനെക്കുറിച്ചുള്ള ഗാനത്തിന് ഈണവും ശബ്ദവും നല്‍കിയ അമീന്‍ യാസിര്‍, സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പൂക്കോട്ടൂരിന്റെ ചരിത്രവും പൈതൃകവും പ്രചരിപ്പിച്ച ബഷീര്‍ പൂക്കോട്ടൂര്‍, ചെറുപ്രായത്തില്‍ തന്നെ കാര്‍ഷികരംഗത്ത് മാതൃക കാണിച്ച് അംഗീകാരങ്ങള്‍ നേടിയ വിദ്യാര്‍ത്ഥി മുഹമ്മദ് റിസ്‌വാന്‍ തുടങ്ങിയ പ്രതിഭകളെ പി. ഉബൈദുല്ല എംഎല്‍എ ആദരിച്ചു.

  സെമിനാറില്‍ ശിഹാബ് പൂക്കോട്ടൂര്‍ ആധ്യക്ഷം വഹിച്ചു. എം. അബ്ദുല്‍ ജലീല്‍ സ്വാഗതവും കെ. മുഹ്‌യിദ്ദീന്‍ അലി നന്ദിയും പറഞ്ഞു. റബീഉള്ളയുടെ ഗാനവിരുന്നും ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ത്ഥികളുടെ വില്‍പാട്ടും അരങ്ങേറി.

Islam Onlive
Feb 9 -2015

Popular Posts