പൂക്കോട്ടൂർ:

1921 ആഗസ്റ്റ് 26ന് നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ തൊണ്ണൂറ്റിയൊമ്പതാം വാർഷികത്തോടനുബന്ധിച്ച്
പൂക്കോട്ടൂർ മഞ്ചേരി റോഡിൽ പുതുതായി പണിത പള്ളിക്ക് മസ്ജിദ് ശുഹദാ എന്ന് നാമകരണം ചെയ്തു. പൂക്കോട്ടൂർ സ്വദേശി പി.കെ അശ്റഫ് ഉണ്ണീൻ സ്വന്തം ചെലവിലാണ് പള്ളി നിർമ്മിച്ചത്. പി.കെ ശ്രീധരൻ നായരാണ് പള്ളിക്ക് മിനാരം സംഭാവന ചെയ്തത്. മത സൗഹാർദ്ദത്തിന്റെ പ്രതീകമായ ശുഹദാ മസ്ജിദ് ചരിത്രപ്രസിദ്ധമായ
പൂക്കോട്ടൂർ കോവിലകത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരം നടന്ന അനുസ്മരണ സംഗമത്തിൽ എസ്.വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, അലീഗഢ് മലപ്പുറം കാമ്പസ് ഡയറക്ടർ ഡോ.ഫൈസൽ ഹുദവി എന്നിവർ സംസാരിച്ചു. മലബാറിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വർഗീയ ലഹളയായി ചിത്രീകരിക്കാനുള്ള സംഘ് പരിവാറിന്റെ ശ്രമം ചരിത്രത്തെവക്രീകരിക്കലാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.രക്തസാക്ഷികളായവരുടെ ഓർമ്മക്കായി ഓരോ വീട്ടിലും ഒരു ഫലവൃക്ഷം എന്ന പദ്ധതിയുടെ ഉൽഘാടനം വാരിയൻ കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിക്ക് ബ്രിട്ടീഷ് കാർക്കെതിരെ പട പൊരുതാൻ ആയുധങ്ങൾ ഉണ്ടാക്കി കൊടുത്തിരുന്ന കരുവാരക്കുണ്ടിലെ അന്നത്തെ സമർത്ഥനായ കൊല്ലപ്പണിക്കാരന്റെ മതസൗഹാർദ്ദ ഐക്യ സ്മരണ നിലനിർത്താൻ പൂക്കോട്ടൂരിലെ PK ശ്രീധരൻ നായർക്ക് നൽകി അബ്ദുസമദ് പൂക്കോട്ടൂർ നിർവ്വഹിച്ചു.



മറ്റു വൃക്ഷതൈകൾ ഡോ. ഫൈസൽ ഹുദവി പൂക്കോട്ടൂർ പോരാട്ട നായകൻ വടക്ക് വീട്ടിൽ മമ്മുദുവിന്റെ പൗത്രൻ വടക്ക് വീട്ടിൽ ഇബ്രാഹീമിനു നൽകി. തൃശ്ശിനാപള്ളിയിലെ ബ്രിട്ടീഷ് തടങ്കലിൽ വെച്ച് തൂക്കിലേറ്റപ്പെട്ട പൂളംകുളങ്ങര ഉണ്ണീൻ രക്തസാക്ഷിത്വം വരിച്ചതിന്റെ സ്മരണയിൽ പൌത്രൻ ഉണ്ണീഹാജിക്ക് നൽകി ഫൈസൽ ഹുദവി മര്യാട് നിർവ്വഹിച്ചു.
നിദാൽ അശ്റഫ് ഖിറാഅത്ത് നടത്തി, അഫ്നാൻ അശ്റഫ് സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെട്ട ചടങ്ങ് സൂം വഴി സ്വദ്വേശത്തും വിദേശത്തുമായി നൂറുകണക്കിനാളുകൾ വീക്ഷിച്ചു. പി.കെ അശ്റഫ് ഉണ്ണീൻ സ്വാഗതവും ഫഹദ് സലീം നന്ദിയും പറഞ്ഞു.

മലപ്പുറം: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരമുന്നേറ്റത്തിന് ഊര്‍ജം പകരുന്നതില്‍ പൂക്കോട്ടൂര്‍ യുദ്ധം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി പറഞ്ഞു. പൂക്കോട്ടൂര്‍ യുദ്ധ രക്തസാക്ഷി സ്‌ക്വയര്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൂക്കോട്ടൂരിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ് 1921ല്‍ ബ്രിട്ടീഷ്‌കാര്‍ക്കെതിരെയുള്ള പ്രാദേശിക ചെറുത്തു നില്‍പ്പിന് കരുത്തുപകര്‍ന്നത്. പലരും ഖിലാഫത്ത് സമരത്തെ മാപ്പിളലഹളയെന്നും മലബാര്‍ കലാപമെന്നും പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ സത്യം ലോകത്തോട് വിളിച്ചു പറയാനാണ് അവര്‍ക്കൊരു സ്മാരകം ഒരുങ്ങുന്നത്. അത് നിര്‍മിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. വരും തലമുറക്ക് പൂര്‍വ്വീകരെ കുറിച്ച് പഠിക്കാന്‍ പൂക്കോട്ടൂര്‍ യുദ്ധ രക്തസാക്ഷി സ്‌ക്വയര്‍ ഉയര്‍ന്നു നില്‍ക്കണം. കേരളത്തിന്റെ ഏറ്റവും വലിയ യുദ്ധ സ്മാരകമായി അത് മാറണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും വര്‍ത്തമാന കാലഘട്ടത്തില്‍ പല പ്രതിസന്ധികളിലും നമ്മള്‍ അകപ്പെട്ടിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയില്‍ നിന്നും വിമോചനം നേടിയാല്‍ മാത്രമെ രാജ്യം പരിപൂര്‍ണ്ണ സ്വാതന്ത്യം പ്രാപിക്കൂ. നമ്മുടെ സമ്പദ്ഘടന ലോക നിലവാരത്തിലേക്ക് ഉയരണം. എല്ലാ രംഗങ്ങളിലും ഉല്‍പാദന ക്ഷമത വര്‍ധിപ്പിച്ചാല്‍ മാത്രമെ രാജ്യത്തിന് നിലനില്‍പ്പുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.


പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ സലാം അധ്യക്ഷത വഹിച്ചു. പൂക്കോട്ടൂര്‍ യുദ്ധ സ്മാരക ബ്ലോക്കിന്റെ ശിലാസ്ഥാപനം നഗരകാര്യ മന്ത്രി മഞ്ഞളാം കുഴി അലി നിര്‍വ്വഹിച്ചു. പൂക്കോട്ടൂര്‍ വില്ലേജിന് പ്രത്യേക പദവി നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു. കെ.ടി ജലീല്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. നാലകത്ത് സൂപ്പി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ടി.വി ഇബ്രാഹിം, കെ. ഇസ്മാഇല്‍ മാസ്റ്റര്‍, ഇ.പി ഇഫ്ത്തിഖാറുദ്ദീന്‍, അലവി കക്കാടന്‍, ജോണി പുല്ലന്താണി, സി.കെ ഖദീജ, എ.എം കുഞ്ഞാന്‍, കെ.പി ഉണ്ണീതു ഹാജി, വി. മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ഒ.എം ജബ്ബാര്‍ ഹാജി, ടി.വി ഇസ്മാഇല്‍, നാലകത്ത് അസ്സൈന്‍, പൂക്കോടന്‍ വേലായുധന്‍ പ്രസംഗിച്ചു. കെ. അസീസ് മാസ്റ്റര്‍ സ്വാഗതവും എം. സുബൈദ നന്ദിയും പറഞ്ഞു. രാവിലെ നടന്ന ചരിത്ര സെമിനാര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് മാസ്റ്റര്‍, പ്രൊഫ. ഹരിപ്രിയ, വി. റസീന പ്രസംഗിച്ചു.


 


                                                വിവിധ നാട്ടുരാജ്യ അധികാരകേന്ദ്രങ്ങളുടെ പരസ്പരമുള്ള ഭിന്നത മുതലെടുത്ത്‌ അധീശത്വമുറപ്പിച്ച യൂറോപ്യന്‍ശക്തികളെ എക്കാലത്തും സ്ഥൈര്യത്തോടെ നേരിട്ട പാരമ്പര്യമാണു കേരളമുസ്ലിംകള്‍ക്കുള്ളത്‌. 400 വര്‍ഷത്തില്‍ കൂടുതല്‍ നിലനിന്ന യൂറോപ്യന്‍ അധിനിവേശത്തിന്റെ നീതിരഹിതമായ ചരിത്രാനുഭവങ്ങളോടു ചെറുത്തുനില്‍ക്കുകയും വിസമ്മതിക്കുകയും ചെയ്ത മാപ്പിളമുസ്ലിംകള്‍ മറ്റേതൊരു സമൂഹത്തെയും അപേക്ഷിച്ചു സ്വാതന്ത്ര സാക്ഷാല്‍ക്കാരത്തിന്റെ മാര്‍ഗത്തില്‍ സധീരം നിലകൊണ്ടവരാണ്‌. മുസ്ലിംകളുടെ പോരാട്ടവീര്യവും വിമതത്വവും എല്ലാ അധീശത്വശക്തികളെയും എക്കാലത്തും അലോസരപ്പെടുത്തിയിട്ടുണ്ട്‌. ജാതീയമായ ഉച്ചനീചത്വ പ്രവണതകളാലും അസമത്ത്വപൂര്‍ണമായ സാമൂഹികസംവിധാനങ്ങളാലും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂഹികദുരാചാരങ്ങളാല്‍ അടിമത്തം ആന്തരവല്‍ക്കരിച്ച ഒരു സമൂഹമാണ്‌ ഇവിടെ നിലനിന്നിരുന്നത്‌. ഇത്തരം സമൂഹങ്ങളില്‍ ഇസ്ലാം പ്രചരിച്ചതിന്റെ ഭാഗമായി അവര്‍ സ്വതന്ത്രമനുഷ്യരുടെ പദവി കൈവരിക്കുകയും എല്ലാതരം അധീശത്വങ്ങളെയും ചെറുത്തുനില്‍ക്കാനുള്ള ആര്‍ജവം കൈവരിക്കുകയും ചെയ്തു. നീതിക്കുവേണ്ടിയുള്ള സമരമുന്നേറ്റങ്ങളില്‍ ജീവന്‍ നല്‍കേണ്ടിവന്നാലും അതു മരണാനന്തരമുള്ള മോക്ഷപ്രാപ്തിക്കു നിമിത്തമാവുമെന്ന ഉത്തമബോധ്യം അവരുടെ എല്ലാ മുന്നേറ്റങ്ങളുടെയും അന്തഃപ്രചോദനമായിരുന്നു. ആദ്യഘട്ടത്തില്‍ പോര്‍ച്ചുഗീസുകാരോടും പില്‍ക്കാലത്ത്‌ അന്നത്തെ ലോകത്തേറ്റവും വലിയ സാമ്രാജ്യത്വശക്തിയായ ബ്രിട്ടീഷുകാരോടും പോരാടാന്‍ അവരെ പ്രേരിപ്പിച്ചത്‌ ഈ ആത്മവീര്യമായിരുന്നു.



                                      പോര്‍ച്ചുഗീസ്‌ അധിനിവേശം അവസാനിച്ചശേഷം മലബാര്‍ മേഖലയും സുദൃഢമായ ഒരു തദ്ദേശീയ അധികാരശക്തിക്കു കീഴില്‍ വന്നു. വൈദേശിക അധികാരശക്തികളുമായി പലവിധത്തിലുള്ള അനുരഞ്ജനങ്ങള്‍ നടത്തി നാടിന്‌ അടിയറവച്ച ജന്‍മിത്ത-നാടുവാഴിശക്തികളെ അമര്‍ത്തിയാണു മൈസൂര്‍ ആധിപത്യം സ്ഥാപിതമായത്‌. വളരെ കുറഞ്ഞ കാലയളവേ മൈസൂര്‍ശക്തിക്ക്‌ ആധിപത്യമുണ്ടായിരുന്നുള്ളൂവെങ്കിലും സ്ഥൂലമായ പരിവര്‍ത്തനങ്ങളാണ്‌ ഇക്കാലഘട്ടത്തില്‍ മലബാര്‍മേഖലയില്‍ നടന്നത്‌. ജന്‍മിത്ത-നാടുവാഴിവ്യവസ്ഥയുടെ നൃശംസമായ സാമൂഹിക-സാമ്പത്തികബന്ധങ്ങളെ തന്റെ പരിഷ്കരണപരമായ ഭരണനടപടികളിലൂടെ അട്ടിമറിക്കുകയും തികച്ചും മാനവികവും നീതിപൂര്‍വകവുമായ മാനത്തില്‍ അതു പുനര്‍വിന്യസിക്കുകയും ചെയ്തതു ടിപ്പുസുല്‍ത്താനായിരുന്നു. അതുകൊണ്ടുതന്നെ ജന്‍മിത്ത-നാടുവാഴിവ്യവസ്ഥയുടെ ഗുണഭോക്താക്കളായ തദ്ദേശീയ അധികാരകേന്ദ്രങ്ങളുടെയും സാമ്രാജ്യത്വവ്യാപനം ലക്ഷ്യംവച്ച വൈദേശികശക്തികളുടെയും ഒരുമിച്ചുള്ള എതിര്‍പ്പിനു ടിപ്പുവിന്റെ നടപടികള്‍ നിമിത്തമായി. ഇങ്ങനെ വൈദേശികശക്തികളോടു കൂട്ടുചേര്‍ന്നു മഹത്തായ ഒരു ഭരണക്രമം അട്ടിമറിക്കുന്നതിനു ആ ശക്തികള്‍ ചരടുവലിക്കുകയും ടിപ്പുവിന്റെ ആധിപത്യം അസ്തമിക്കുകയും ചെയ്തു.

                                   അങ്ങനെ മലബാര്‍ മേഖലയില്‍ ബ്രിട്ടീഷ്‌രാജ്‌ സമ്പൂര്‍ണമാവുകയായിരുന്നു. തദ്ദേശീയമായ ഒരു നിര്‍ണായക അധികാരശക്തിയുടെയും പ്രതിരോധനീക്കങ്ങളെ ഭയക്കേണ്ടതില്ലാത്തവിധം ബ്രിട്ടീഷ്‌രാജ്‌ സ്ഥാപിതമായി. ജന്‍മിവ്യവസ്ഥയെ പൂര്‍വാധികം പ്രാബല്യത്തോടെ പുനസ്ഥാപിക്കാന്‍ സാമ്രാജ്യത്വശക്തികള്‍ എല്ലാ ഒത്താശയും ചെയ്തു. ടിപ്പുവിനോടുള്ള പ്രതികാരം അദ്ദേഹം പ്രതിനിധീകരിച്ച സമുദായത്തോടുള്ള പ്രതികാരം തന്നെയാക്കി രൂപാന്തരപ്പെടുത്തുകയും സാമ്പത്തികവും സാമൂഹികവുമായ മുസ്ലിംകളുടെ പ്രാബല്യത്തെ നിര്‍വീര്യമാക്കുന്ന വിധമുള്ള നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ഇങ്ങനെ നാടുവാഴിത്തത്തെയും ജന്‍മിത്തത്തെയും കൊഴുപ്പിക്കുന്നതിനുള്ള സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലം സാമ്രാജ്യത്വശക്തികളുടെ നേതൃത്വത്തില്‍ ഒരുക്കപ്പെട്ടു.

മാപ്പിളസമൂഹത്തിന്റെതും ടിപ്പുവിന്റെ ഭൂപരിഷ്കരണ നടപടികളിലൂടെ അധസ്ഥിതവിഭാഗങ്ങള്‍ക്കു ലഭിച്ചതുമായ ഭൂമിയും മറ്റു സ്വത്തുക്കളും പിടിച്ചെടുക്കാനുള്ള നിയമനിര്‍മാണമാണു ബ്രിട്ടീഷുകാര്‍ നടത്തിയത്‌. അന്യായമായ ഈ ആധിപത്യപ്രവണതകള്‍ കൂടുതല്‍ വ്യവസ്ഥാപിതമായിത്തീര്‍ന്നതോടെ പ്രതികരിക്കുകയെന്നതു മാപ്പിളസമൂഹത്തിന്റെ അതിജീവനത്തിനു നിര്‍ബന്ധമായിത്തീര്‍ന്നു.
വിവേകശൂന്യരായ ഒരു വൈകാരികസമൂഹമായിരുന്നു മാപ്പിളമാര്‍ എന്നതുകൊണ്ടല്ല, പ്രത്യുത, വിവേകശൂന്യമായ, നീതിരഹിതമായ അധികാരപ്രയോഗങ്ങളാണ്‌ അവര്‍ക്കുമേല്‍ നടപ്പാക്കപ്പെട്ടത്‌ എന്നതുകൊണ്ടാണ്‌ അവര്‍ ചെറുത്തുനിന്നത്‌. മരണക്കരം, ഭൂമി ഒഴിപ്പിക്കല്‍, മേല്‍ച്ചാര്‍ത്ത്‌ പോലുള്ള കരിനിയമങ്ങള്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ അവര്‍ക്കുമേല്‍ നടപ്പാക്കപ്പെട്ടു. ഇത്തരം കരിനിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണമായി മലബാറിലെ വിവിധ മേഖലകളില്‍ മുസ്ലിം ഉലമാക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയും വിവിധ ഘട്ടങ്ങളിലൂടെ, രൂപപരിണാമങ്ങളിലൂടെ അതു വികസിക്കുകയും ഒടുവില്‍ അതിഭീകരമായ മര്‍ദ്ദനനടപടികളിലൂടെ സാമ്രാജ്യത്വശക്തികള്‍ ഈ 
സ്വാതന്ത്രസമര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയുമാണു ചെയ്തത്‌. ഇത്തരമൊരു പശ്ചാത്തലവിവരണമില്ലാതെ പൂക്കോട്ടൂര്‍ യുദ്ധത്തെയോ മാപ്പിളപ്രക്ഷോഭങ്ങളെയോ സംബന്ധിച്ച്‌ അവലോകനം ചെയ്യുന്നത്‌ അസംഗതമാണ്‌.

1921ല്‍ തിരൂരങ്ങാടിയിലും പൂക്കോട്ടൂരും മലബാറിന്റെ മറ്റു ചില പ്രദേശങ്ങളിലും ശക്തിപ്പെട്ട വിമോചനപ്രക്ഷോഭങ്ങളുടെ ആരംഭവും വികാസപരിണാമങ്ങളും ഉപരിസൂചിതമായ ചരിത്രാനുഭവങ്ങളുടെ പിന്തുടര്‍ച്ചയായാണു സംഭവിക്കുന്നത്‌. അഥവാ, ചരിത്രപരമായി വികസിച്ചുവന്ന ഒരു മുന്നേറ്റത്തിന്റെ അന്തിമഘട്ടമായിരുന്നു 21ലെ മാപ്പിളപ്രക്ഷോഭങ്ങള്‍. 1894ല്‍ മണ്ണാര്‍ക്കാട്ടു നടന്ന സമരവും അനുബന്ധമായി മഞ്ചേരിയില്‍ വച്ചുണ്ടായ സമരവും, അങ്ങനെ ചെറുതും വലുതുമായ നിരവധി മാപ്പിളമുന്നേറ്റങ്ങളും സാമ്രാജ്യത്വ-ജന്‍മിത്ത അധികാരകേന്ദ്രങ്ങളെ വിറപ്പിക്കുന്നതായിരുന്നു. ഈ മുന്നേറ്റങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ ഇതു നേരിട്ടില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ ഭയാനകമാവുമെന്നു ബ്രിട്ടീഷ്‌ അധികൃതര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ കടുത്ത നടപടികളിലൂടെ അവര്‍ പ്രക്ഷോഭകാരികളെ നേരിട്ടു. ഈ സൈനികനടപടികളില്‍ പാണ്ടിക്കാട്ടുകാരും മഞ്ചേരിക്കാരുമൊക്കെയായ ധാരാളം പോരാളികള്‍ രക്തസാക്ഷികളായി. അക്കാലത്തു കവരത്തി ദ്വീപില്‍ മുദരിസായി സേവനം അനുഷ്ഠിച്ചിരുന്ന ആലിമുസ്ലയ‍രുടെ ജ്യേഷ്ഠസഹോദരനും പല ബന്ധുക്കളും ഈ പ്രക്ഷോഭങ്ങളില്‍ രക്തസാക്ഷികളായി. അത്യന്തം സങ്കീര്‍ണവും ഭീഷണവുമായ നാട്ടിലെ സാഹചര്യങ്ങളെക്കുറിച്ചറിഞ്ഞ ആലി മുസ്ലയ‍ര്‍ വൈകാതെ മലബാറില്‍ തിരിച്ചെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അവധാനതയോടെ ചെറുത്തുനില്‍പ്പിനുള്ള മാര്‍ഗങ്ങളാരാഞ്ഞ അദ്ദേഹം ഖിലാഫത്ത്‌ നിസ്സഹകരണപ്രസ്ഥാനത്തില്‍ ചേരുകയും സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുകയുമായി. നീതിരഹിതമായ ബ്രിട്ടീഷ്‌ മേല്‍ക്കോയ്മ അവസാനിപ്പിക്കേണ്ടതു രാജ്യത്തെ ഓരോ പൌരന്റെയും കടമയാണെന്നും വിശേഷിച്ച്‌ മുസ്ലിംസമൂഹത്തിന്റെ മതകീയബാധ്യത തന്നെയാണെന്നും അദ്ദേഹം ജനങ്ങളെ ഉണര്‍ത്തി. ഇങ്ങനെ മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിക്കുകയും ബ്രിട്ടീഷ്‌വിരുദ്ധമായ ഖിലാഫത്ത്‌ പ്രക്ഷോഭത്തിനു പ്രത്യയശാസ്ത്ര പിന്‍ബലമൊരുക്കുകയും ചെയ്ത അദ്ദേഹം 1907ല്‍ തിരൂരങ്ങാടിയില്‍ മുദരിസ്‌ സ്ഥാനം ഏറ്റെടുക്കുന്നതോടെയാണു സാമ്രാജ്യത്വവിരുദ്ധ സമരമുന്നേറ്റങ്ങള്‍ക്കു നിര്‍ണായകമായ ചില വഴിത്തിരിവുകളുണ്ടാകുന്നത്‌.

തിരൂരങ്ങാടിയില്‍ എത്തിയശേഷം ആലിമുസ്ലിയാര്‍ ഖിലാഫത്ത്‌-കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു. ദേശീയമായ ഒരവബോധവും സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ദാഹവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നു. സദാ ഖദര്‍വേഷധാരിയായിരുന്നു അദ്ദേഹം. കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലയ‍ര്‍, കെ.എം. മൌലവി, എം.പി. നാരായണമേനോന്‍, വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, വടക്കേവീട്ടില്‍ മമ്മദ്‌ പോലുള്ള നേതാക്കള്‍ ആലി മുസ്ലയ‍രുടെ സുഹൃത്തുക്കളായിരുന്നു. ഇതില്‍ വടക്കേവീട്ടില്‍ മമ്മദാണു പൂക്കോട്ടൂര്‍ സംഭവങ്ങള്‍ക്കു നേതൃത്വം നല്‍കിയ സമരനായകന്‍.

1921 ജനുവരി 23ന്‌ പൂക്കോട്ടൂരില്‍ വച്ചു ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ വിപുലമായ സമ്മേളനം നടന്നു. പൂക്കോട്ടൂര്‍ പ്രദേശത്തെ സാമ്രാജ്യത്വ-ജന്‍മിത്തവിരുദ്ധ ചലനങ്ങള്‍ക്കിതു പുതിയ ഉണര്‍വാണു നല്‍കിയത്‌. ദേശീയമായ മാനത്തില്‍ വികസിച്ചുവരുന്ന ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ അജണ്ടകളും പ്രാദേശികമായ കുടിയാന്‍പ്രശ്നങ്ങളും ഈ യോഗത്തില്‍ കാര്യമായിത്തന്നെ ചര്‍ച്ചചെയ്യപ്പെട്ടു. അന്യായമായ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കു സാധാരണക്കാരായ ധാരാളം കര്‍ഷകര്‍ വിധേയപ്പെട്ടുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്‌. പൂക്കോട്ടൂരിലെ സമ്മേളനത്തില്‍ ഒരു കുടിയാനെ കുടിയൊഴിപ്പിക്കുന്നതിനു ജന്‍മിത്തശക്തികള്‍ കൈക്കൊണ്ട ഒരു നടപടിയും ചര്‍ച്ചയ്ക്കു വന്നു. മഞ്ചേരിയിലെ ഒരു പരദേശിബ്രാഹ്മണന്‍ ഒരു മാപ്പിളകുടിയാനെ അന്യായമായി ഒഴിപ്പിച്ച സംഭവമാണു സമ്മേളനത്തില്‍ കൂടുതല്‍ പ്രതിഷേധത്തിനിടയാക്കിയത്‌.

മാപ്പിളപ്രക്ഷോഭങ്ങള്‍ സജീവമായ ഏറനാട്‌, വള്ളുവനാട്‌, കോഴിക്കോട്‌, പൊന്നാനി താലൂക്കുകളിലായി അന്ന്‌ 6,88,731 മാപ്പിളമാര്‍ അധിവസിച്ചിരുന്നു. ഇതില്‍ പൂക്കോട്ടൂര്‍ അംശത്തിലെ ആകെ മാപ്പിളജനസംഖ്യ 2,170 ആയിരുന്നു. പൂക്കോട്ടൂര്‍ വില്ലേജിന്റെ ഭൂവിസ്തൃതി 768.80 ഏക്കറാണ്‌. ഈ ഭൂമി 96 ആധാരങ്ങളിലായി വീതിക്കപ്പെട്ടിരുന്നു. ആധാരം ഉടമകളില്‍ 26 മേല്‍ജാതി ഹിന്ദുക്കളും 10 താഴ്ന്ന ജാതി ഹിന്ദുക്കളും ഉണ്ടായിരുന്നു. ഹിന്ദുക്കളുടെ പൂക്കോട്ടൂരിലെ ആകെ ജനസംഖ്യ 993 ആയിരുന്നു. 58 മാപ്പിളമാര്‍ക്കും രണ്ടു ക്ഷേത്രങ്ങള്‍ക്കുമായിരുന്നു ബാക്കിയുള്ള ഭൂമി. ഇതില്‍ മൊത്തം ഭൂമിയുടെ 83 ശതമാനവും കൈവശം വച്ചിരുന്നതു മേല്‍ജാതിക്കാരാണ്‌. നിലമ്പൂരിലെ തച്ചിറക്കാവില്‍ തിരുമുല്‍പ്പാട്‌ എന്നൊരു ജന്‍മിക്കുമാത്രം 467.85 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇതു മൊത്തം വില്ലേജിന്റെ 60 ശതമാനം വരുമായിരുന്നു. അതേസമയം 58 മാപ്പിള ആധാരങ്ങള്‍ക്കും കൂടി 122.31 ഏക്കര്‍ ഭൂമിയാണുണ്ടായിരുന്നത്‌. സാമ്പത്തിക-സ്വത്തവകാശബന്ധങ്ങളില്‍ നിലനിന്നിരുന്ന ഈ അസന്തുലിതത്വം പ്രത്യേകം ശ്രദ്ധേയമാണ്‌. തങ്ങളുടെ കൈകളില്‍ പരിമിതമായുണ്ടായിരുന്ന ഭൂസ്വത്തുകൂടി തട്ടിയെടുക്കാന്‍ നാടുവാഴിത്ത ശക്തികള്‍ നടത്തുന്ന കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞതോടെ പൂക്കോട്ടൂരിലെ സാധാരണ കര്‍ഷകരില്‍ പ്രതിഷേധം രൂപപ്പെട്ടതു സ്വാഭാവികമായിരുന്നു. എന്തായാലും ഖിലാഫത്ത്‌ കുടിയാന്‍ സമ്മേളനത്തില്‍ വച്ച്‌ പ്രശ്നം ചര്‍ച്ചചെയ്യപ്പെട്ടതോടെ മഞ്ചേരിയിലെ പരദേശിബ്രാഹ്മണനായ ജന്‍മിക്കെതിരേ പ്രതിഷേധം രൂപപ്പെട്ടു. ഈ വഴക്കില്‍ കക്ഷിചേര്‍ന്ന്‌ അന്നു പൂക്കോട്ടൂരിലെ കോവിലകത്തു താമസിച്ചിരുന്ന നിലമ്പൂര്‍ ആറാം തിരുമുല്‍പ്പാട്‌ ചിന്നംഉണ്ണി എന്നയാള്‍ രംഗത്തുവന്നു. അന്യായം ചെയ്ത പട്ടര്‍ക്കു വേണ്ടിയാണ്‌ അദ്ദേഹം ശുപാര്‍ശ നടത്തിയത്‌. പ്രതിഷേധക്കാരായ കുടിയാന്‍മാരെ അയാള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. തിരുമുല്‍പ്പാടിന്റെ ഈ നടപടി പൂക്കോട്ടൂരുകാരുടെ പ്രതിഷേധത്തിനിടയാക്കി.

ആറാം തിരുമുല്‍പ്പാടിനെതിരേ പ്രതിഷേധം കനത്തുനിന്ന ഇത്തരമൊരു സന്ദര്‍ഭത്തിലാണു പൂക്കോട്ടൂരിനടുത്തുള്ള പുല്ലാര എന്ന സ്ഥലത്തെ നേര്‍ച്ച നടന്നത്‌. 1921 മാര്‍ച്ച്‌ 13നായിരുന്നു ഇത്‌. പുല്ലാര രക്തസാക്ഷികളുടെ ഓര്‍മപുതുക്കാന്‍ നടത്തപ്പെട്ടിരുന്ന നേര്‍ച്ചയില്‍ വാദ്യഘോഷങ്ങള്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി വടക്കേവീട്ടില്‍ മമ്മദുവിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ രംഗത്തുവന്നു. അധികൃതരുടെ അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ ഖിലാഫത്ത്‌-കുടിയാന്‍ പ്രസ്ഥാനങ്ങള്‍ക്കു വല്ലാതെ തിരിച്ചടികള്‍ ഏറ്റുകൊണ്ടിരുന്ന ഒരു സന്ദര്‍ഭമായതിനാല്‍, ഇത്തരം ആഘോഷത്തിമര്‍പ്പുകള്‍ ഒഴിവാക്കണമെന്നു മമ്മദുവിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷനുകൂലി ആയിരുന്ന വള്ളുവമ്പ്രം അധികാരി പേരാപുറവന്‍ അഹ്മദ്കുട്ടി എന്നയാളാണു മമ്മദുവിന്റെ എതിര്‍ഭാഗത്തു നിലയുറപ്പിച്ചത്‌.

ഇതേ വര്‍ഷം തന്നെ സമാനമായ സംഘര്‍ഷം മലപ്പുറം നേര്‍ച്ചയിലുമുണ്ടായി. പേരാപുറവന്‍ അഹ്മദ്കുട്ടിയെ മമ്മദുവിനെതിരേ പ്രകോപിപ്പിക്കുന്നതില്‍ പൂക്കോട്ടൂരിലെ ആറാം തിരുമുല്‍പ്പാടിനു പങ്കുണ്ടായിരുന്നു. ആറാം തിരുമുല്‍പ്പാടിനു മമ്മദുവിനോടു വിരോധമുണ്ടാവാന്‍ ചില കാരണങ്ങളുണ്ടായിരുന്നു. തിരുമുല്‍പ്പാടിന്റെ കാര്യസ്ഥനായി ആദ്യം സേവനം ചെയ്തയാളായിരുന്നു മമ്മദു. എന്നാല്‍, ജന്‍മിത്ത-നാടുവാഴിത്തവ്യവസ്ഥയും സാമ്രാജ്യത്വ അധികാരവ്യവസ്ഥയും കൂട്ടുചേര്‍ന്ന്‌ അടിസ്ഥാന
ജനവിഭാഗങ്ങളോടു ചെയ്തുകൂട്ടുന്ന നീതിരഹിതമായ അക്രമനടപടികളെ സംബന്ധിച്ചു മമ്മദുവിനു ബോധമുദിക്കുന്ന വിധമുള്ള സമ്പര്‍ക്കങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹം ഖിലാഫത്ത്‌-കുടിയാന്‍ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനാവുകയും തന്റെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ആലി മുസ്ലയ‍രെപ്പോലുള്ളവരുമായുള്ള സമ്പര്‍ക്കമായിരുന്നു മമ്മദുവിന്റെ മാറ്റങ്ങളെ നിര്‍ണയിച്ചത്‌. മമ്മദുവിനുണ്ടായ ഈ മാറ്റത്തില്‍ കലിപൂണ്ട തിരുമുല്‍പ്പാടിന്‌ അദ്ദേഹം അനഭിമതനാവുകയായിരുന്നു.

പുല്ലാര നേര്‍ച്ചയിലെ സംഘര്‍ഷത്തില്‍ തന്റെ എതിര്‍കക്ഷിയെ പ്രചോദിപ്പിച്ച തിരുമുല്‍പ്പാടുമായി സമ്പൂര്‍ണമായ ബന്ധവിച്ഛേദം അനിവാര്യമാണെന്നു മമ്മദു തിരിച്ചറിഞ്ഞു. അങ്ങനെ താന്‍ ജോലിചെയ്ത വകയില്‍ കോവിലകത്തുനിന്ന്‌ കിട്ടാനുണ്ടായിരുന്ന 350 രൂപ മമ്മദുവും കൂട്ടരും തിരുമുല്‍പ്പാടിന്റെ മുമ്പാകെ ചെന്ന്‌ ആവശ്യപ്പെട്ടു. ഈ സംഭവത്തോടെ മമ്മദുവിനോടുള്ള തിരുമുല്‍പ്പാടിന്റെ പ്രതികാരം കനത്തതായി. മമ്മദുവിന്റെ ധിക്കാരം പരിധി വിട്ടിരിക്കുന്നുവെന്നും അവനെയും കൂട്ടരെയും അമര്‍ത്തേണ്ടതു തന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെന്നും ധരിച്ച തിരുമുല്‍പ്പാട്‌ ഒരു കള്ളക്കേസു നല്‍കി. കോവിലകത്തുനിന്നും മമ്മദു തോക്കു മോഷ്ടിച്ചു എന്നായിരുന്നു കേസ്‌. ജൂലൈ 28നായിരുന്നു ഈ പരാതി നല്‍കിയത്‌. ജൂലൈ 29നുതന്നെ മമ്മദുവിന്റെ വീട്ടില്‍ പോലിസ്‌ റെയ്ഡ്‌ നടന്നു. ഈ സംഭവത്തോടെ ഖിലാഫത്ത്‌ പ്രസ്ഥാനത്തെയും കുടിയാന്‍ മുന്നേറ്റത്തെയും തകര്‍ക്കാന്‍ അധികാരശക്തികള്‍ മെനയുന്ന മര്‍ദ്ദകമായ കുതന്ത്രങ്ങളാണിതെന്നു മമ്മദുവും കൂട്ടരും ധരിച്ചു. സംഘര്‍ഷം മുറ്റിനിന്ന ആ അന്തരീക്ഷത്തില്‍ മമ്മദുവിന്റെ നേതൃത്വത്തില്‍ ഒരു ജനകീയസംഘം എന്തിനും തയ്യാറായി കോവിലകം ലക്ഷ്യമാക്കി ചെന്നു. ഇതു ജൂലൈ 31നായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ അന്വേഷണത്തിനായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അകമ്പടിയോടെ വന്നു. എന്നാല്‍, സ്ഥിതിഗതികള്‍ പോലിസിന്റെ നിയന്ത്രണത്തിനതീതമായിരുന്നു. പോലിസിന്റെ ഇടപെടലുകള്‍ പരാജയപ്പെട്ടതോടെ ജന്‍മിമാര്‍ അങ്കലാപ്പിലായി. സര്‍ക്കാരിന്റെ പിന്‍ബലവും സംരക്ഷണവുമില്ലെങ്കില്‍ ജന്‍മിത്ത-നാടുവാഴിത്ത സംവിധാനങ്ങള്‍ക്കു നിലനില്‍പ്പില്ലാത്തവിധം ജനകീയപ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ അരക്ഷിതാവസ്ഥയില്‍ ആശങ്കപൂണ്ട ജന്‍മിമാര്‍ അധികാരശക്തിക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. കൂടുതല്‍ കര്‍ക്കശപൂര്‍ണമായ അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ ലഹളക്കാരെ ഒതുക്കാന്‍ നടപടിയുണ്ടാവണമെന്ന ജന്‍മിമാരുടെ ആവശ്യം ജില്ലാകലക്ടറേറ്റ്‌ സ്വാഗതം ചെയ്യുകയും സ്ഥിതിഗതികളെ സംബന്ധിച്ച്‌ അതിശയോക്തിപരമായ റിപോര്‍ട്ട്‌ മദ്രാസ്‌ ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തു. മലബാര്‍ കലക്ടറായിരുന്ന തോമസിനും പൂക്കോട്ടൂരിലെ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ കഴിയാതിരുന്ന ഇന്‍സ്പെക്ടര്‍ നാരായണമേനോനും മാപ്പിളമാരോടുണ്ടായിരുന്ന പ്രതികാരക്കലി തീര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ആത്യന്തിക നടപടികള്‍ക്കു ശുപാര്‍ശ ചെയ്യുന്നതായിരുന്നു ഈ റിപോര്‍ട്ട്‌.

റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലബാര്‍മേഖലയില്‍ കൂടുതല്‍ സേനാവിന്യാസം നടത്താന്‍ മദിരാശി ഗവണ്‍മെന്റ്‌ തീരുമാനിച്ചു. 200ല്‍ കുറയാത്ത അംഗസംഖ്യയുള്ള ഒരു കമ്പനി പട്ടാളം മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിക്കാന്‍ ജനറല്‍ കാനിങ്ങ്‌ ഓഫിസര്‍ക്കു കമ്പിസന്ദേശം അയച്ചു. മലബാര്‍ കലക്ടറുടെ റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതുപോലെ ആത്യന്തികവും തീവ്രവുമായ നിയമനടപടികളെ മദ്രാസ്‌ ഗവണ്‍മെന്റ്‌ അംഗീകരിച്ചില്ല. എന്നാല്‍, പ്രക്ഷോഭകരെ കൂടുതല്‍ പ്രകോപിതരാക്കുന്ന നിയമനടപടികള്‍ എടുക്കാന്‍ അവര്‍ അനുമതി നല്‍കി. നേതാക്കളെ അറസ്റ്റ്‌ ചെയ്യുക, നിയമം കൈയിലെടുക്കുന്ന പരസ്യമായ കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ മാത്രം പ്രോസിക്യൂട്ട്‌ ചെയ്യുക എന്നായിരുന്നു മദ്രാസ്‌ ഗവണ്‍മെന്റിന്റെ നിര്‍ദേശം. മാപ്പിള ഔട്ട്‌റേജസ്‌ ആക്ട്‌ എന്ന നിയമപ്രകാരമാണു നടപടികളെടുക്കേണ്ടതെന്നതു പ്രത്യേകമായി ശുപാര്‍ശ ചെയ്തിരുന്നു. ഖിലാഫത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കരുത്‌, പള്ളിയില്‍ പരിശോധന നടത്തരുത്‌ പോലുള്ള പ്രത്യേക നിര്‍ദേശങ്ങളും മദ്രാസ്‌ ഗവണ്‍മെന്റ്‌ നല്‍കിയിരുന്നു. എന്തായാലും പ്രശ്നപ്രദേശമായ പൂക്കോട്ടൂരില്‍ പോലിസ്‌ നടപടിയുണ്ടാവുമെന്നാണ്‌ ആദ്യം പ്രതീക്ഷിക്കപ്പെട്ടത്‌. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടികളെക്കുറിച്ചറിഞ്ഞ മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍ സാഹിബിനെപ്പോലുള്ള ഖിലാഫത്ത്‌
നേതാക്കള്‍ പൂക്കോട്ടൂരിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ നേതൃത്വം നല്‍കാന്‍ ആലി മുസ്ലയ‍ര്‍ക്കും കെ.എം. മൌലവിക്കും കമ്പിസന്ദേശം അയച്ചു. എന്നാല്‍, പോലിസ്‌ ഇടപെടലുകളും അറസ്റ്റും വെടിവയ്പുമൊക്കെ ആദ്യം സംഭവിച്ചതു തിരൂരങ്ങാടിയിലായിരുന്നു.
മലബാര്‍ കലക്ടറായിരുന്ന തോമസിന്‌ ആലി മുസ്ലയ‍രോടു പ്രത്യേക പകയുണ്ടായിരുന്നു. നിസ്സഹകരണം ഒരു രാഷ്ട്രീയനിലപാടായി സ്വീകരിച്ച ആലി മുസ്ലയ‍ര്‍ കലക്ടറുടെ പല ആജ്ഞകളും ചെവിക്കൊണ്ടിരുന്നില്ല. മദ്രാസ്‌ ഗവണ്‍മെന്റില്‍ നിന്നും തന്റെ ആഗ്രഹപ്രകാരം ലഭിച്ച അനുമതി തോമസ്‌ ശരിക്കും വിനിയോഗിച്ചു. ആലി മുസ്ലയ‍രെ തന്നെ അറസ്റ്റ്‌ ചെയ്യാനാണ്‌ അഹങ്കാരിയായ തോമസും കൂട്ടരും ശ്രമിച്ചത്‌. എന്നാല്‍, ശക്തമായ ജനകീയപ്രതിരോധം നിമിത്തം അറസ്റ്റ്‌ ചെയ്യാനുള്ള ലക്ഷ്യത്തില്‍ നിന്നവര്‍ താല്‍ക്കാലികമായി പിന്തിരിഞ്ഞു. എന്നാല്‍, മറ്റു ഖിലാഫത്ത്‌ നേതാക്കളെയും പ്രവര്‍ത്തകരെയും മാപ്പിള ഔട്ട്‌റേജസ്‌ ആക്ട്‌ അനുസരിച്ച്‌ അറസ്റ്റ്‌ ചെയ്തു. ഇതു നിമിത്തം സ്ഫോടനാത്മകമായ ഒരന്തരീക്ഷം കനത്തുനിന്നു. ഈ സംഭവങ്ങളെല്ലാം മുസ്ലിംകള്‍ക്കു കൂടുതല്‍ അരക്ഷിതബോധവും അന്യഥാബോധവും വര്‍ധിപ്പിച്ചു. അക്രമരഹിതമായ സമരങ്ങളിലൂടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക്‌ അറുതിയാവുമെന്നു വിചാരിച്ച മാപ്പിളമാര്‍ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കു വിധേയപ്പെട്ടപ്പോള്‍ നിരാശരാവുകയും അഹിംസാത്മകമായ സമരമുറകളില്‍ വിശ്വാസം നഷ്ടപ്പെട്ടവരായിത്തീരുകയും ചെയ്തു.

തിരൂരങ്ങാടിയിലെ സംഘര്‍ഷത്തില്‍ ജില്ലാ മജിസ്ട്രേറ്റും സൂപ്രണ്ടും കൊല്ലപ്പെട്ടു എന്ന ഒരു അഭ്യൂഹം പൂക്കോട്ടൂരില്‍ വ്യാപകമായി പ്രചരിച്ചു. ഇതാകട്ടെ, സമരക്കാര്‍ക്കു കൂടുതല്‍ ആവേശവും ആത്മവീര്യവും പ്രദാനം ചെയ്തു. ബ്രിട്ടീഷ്‌രാജ്‌ തങ്ങളുടെ പ്രദേശങ്ങളില്‍ അവസാനിക്കുകയാണെന്ന ഒരു പ്രതീക്ഷ പ്രക്ഷോഭകരില്‍ വ്യാപിച്ചു. ഇതവര്‍ക്കു കൂടുതല്‍ വിപ്ലവകരമായ നടപടികള്‍ക്കു പ്രചോദനമായി. തങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ എല്ലാ അരക്ഷിതാവസ്ഥയ്ക്കും കാരണക്കാരായ ജന്‍മിത്ത-നാടുവാഴിത്ത ശക്തികളോടുള്ള അമര്‍ഷം പൂര്‍വാധികം പ്രബലപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ പൂക്കോട്ടൂരുകാരായ ഏതാനും പ്രക്ഷോഭകാരികള്‍ നിലമ്പൂര്‍ കോവിലകം ലക്ഷ്യമാക്കി പുറപ്പെട്ടു. തിരൂരങ്ങാടിയില്‍ പട്ടാളനടപടിയുണ്ടായ ആഗസ്ത്്‌ 20നു തന്നെയായിരുന്നു ഈ സംഭവവും. ജന്‍മിത്തവ്യവസ്ഥയെ തകര്‍ക്കുകയെന്നതു സാമ്രാജ്യത്വത്തിന്റെ തന്നെ തകര്‍ച്ചയായി അവര്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ ആഗസ്ത്‌ 21നു പുലര്‍ച്ചെ ഏഴുമണിക്കു മുമ്പായി അവര്‍ നിലമ്പൂര്‍ അങ്ങാടിയിലെത്തി. തക്ബീര്‍ വിളിച്ചുകൊണ്ടു യാത്രചെയ്ത അവര്‍ വരുമ്പോഴോ പോവുമ്പോഴോ ജനങ്ങള്‍ക്കു യാതൊരു ഉപദ്രവവും ഉണ്ടാക്കിയില്ല. കോവിലകം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കോവിലകത്തവരെത്തുമ്പോള്‍ രാവിലത്തെ നിത്യകര്‍മങ്ങള്‍ ചെയ്യാനായി പാറാവുകാര്‍ മിക്കവരും പടിപ്പുര വിട്ടുപോയിരുന്നു. ശേഷിക്കുന്ന പാറാവുകാരെ പ്രക്ഷോഭകര്‍ എളുപ്പം കീഴടക്കി. അങ്ങനെ പ്രക്ഷോഭകാരികളുടെ ആക്രമണത്തില്‍ പതിമൂന്നോ പതിനാലോ പേര്‍ കൊല്ലപ്പെട്ടു. ജന്‍മിത്തത്തിന്റെ അന്യായങ്ങളോടുള്ള തീവ്രമായ അമര്‍ഷമായിരുന്നു അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അന്തര്‍ധാര. നിലമ്പൂര്‍ കോവിലകത്തെ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനു ശേഷം അവര്‍ പൂക്കോട്ടൂരിലേക്കു തന്നെ മടങ്ങി. എന്നാല്‍, അവരില്‍ ചിലര്‍ അന്നു രാത്രി മഞ്ചേരി ഖജാന ആക്രമിച്ചു. അന്നു തടവില്‍ കിടന്നിരുന്ന പല തടവുകാരെയും മോചിപ്പിച്ചു. നാടുവാഴിത്ത അധികാരത്തിന്റെ എല്ലാ ചിഹ്നങ്ങളെയും അവര്‍ ഘട്ടംഘട്ടമായി തകര്‍ത്തുകൊണ്ടിരുന്നു.
ഇതോടെ അന്യായമായ ഈ ആധിപത്യവ്യവസ്ഥ തകര്‍ക്കപ്പെട്ടുവെന്നും ഖിലാഫത്ത്‌ പുനസ്ഥാപിക്കപ്പെട്ടുവെന്നുമുള്ള ഒരു പ്രതീതി പരന്നു.

ഇതേസമയം, നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുന്ന മാപ്പിളമുന്നേറ്റങ്ങള്‍ ബ്രിട്ടീഷ്‌ അധികൃതരെ ഭയചകിതരാക്കി. മദ്രാസ്‌ ഗവണ്‍മെന്റിന്റെ അനുമതിയോടെ കൂടുതല്‍ സേനാവിന്യാസത്തിനും ആക്രമണത്തിനും അവര്‍ സാങ്കേതിക പശ്ചാത്തലം ഒരുക്കി. മലപ്പുറത്തു വിന്യസിക്കപ്പെട്ട മിസ്റ്റര്‍ ആസ്റ്റിന്റെ സൈന്യത്തിനു സഹായമായി ഒരു രക്ഷാസൈന്യത്തെ അയക്കാനുള്ള ശ്രമങ്ങള്‍ ആഗസ്ത്‌ 22 മുതല്‍ തന്നെ അധികൃതര്‍ ആരംഭിച്ചിരുന്നു. അങ്ങനെ അയര്‍ലന്റുകാരനായ ക്യാപ്റ്റന്‍ മെക്കന്‍റോയുടെ നേതൃത്വത്തില്‍ ഒരു രക്ഷാസൈന്യം മലപ്പുറത്തേക്കു പുറപ്പെട്ടു.

ഇതിനിടയ്ക്കു പൂക്കോട്ടൂര്‍ പോലുള്ള പ്രക്ഷോഭപ്രദേശങ്ങള്‍ സാമ്രാജ്യത്വസര്‍ക്കാരിന്റെ എല്ലാ വിനിമയബന്ധങ്ങളും അസാധ്യമാകുന്ന വിധം ഒറ്റപ്പെട്ടിരുന്നു. റെയില്‍വേ ലൈന്‍ തകര്‍ത്തും പാലങ്ങള്‍ പൊളിച്ചും ടെലഗ്രാഫ്‌ കമ്പികള്‍ അറുത്തും മരങ്ങള്‍ മുറിച്ചിട്ട്‌ റോഡ്‌
തടസ്സപ്പെടുത്തിയും വിനിമയബന്ധങ്ങള്‍ക്കവര്‍ തടസ്സം സൃഷ്ടിച്ചിരുന്നു. മെക്കന്‍റോയുടെ പോഷകസൈന്യത്തിന്റെ മുന്നേറ്റത്തിന്‌ ഏറ്റവും വലിയ തടസ്സം ഇതായിരുന്നു. തകര്‍ക്കപ്പെട്ട പാലങ്ങളും ഓവുപാലങ്ങളും അറ്റകുറ്റപ്പണി ചെയ്തു നേരെയാക്കി അവര്‍ മലപ്പുറത്തേക്കു യാത്രതുടര്‍ന്നു. 125 പട്ടാളക്കാര്‍ ഏതാനും ബസ്സുകളിലും ലോറികളിലുമായാണ്‌ അതിനൂതനമായ യുദ്ധസന്നാഹങ്ങളോടെ യാത്രതിരിച്ചത്‌.

മലപ്പുറത്തേക്കു പട്ടാളക്കാര്‍ പുറപ്പെട്ടിട്ടുണെ്ടന്ന വിവരം പൂക്കോട്ടൂരുകാര്‍ അറിഞ്ഞിരുന്നു. അവര്‍ ഒരു അന്തിമയുദ്ധത്തിനു സന്നാഹങ്ങളൊരുക്കി. രക്തസാക്ഷിത്വകാംക്ഷയോടെയാണ്‌ അവരില്‍ ഓരോരുത്തരും സമരസജ്ജരായത്‌. സ്ത്രീകള്‍ പോലും തങ്ങളുടെ പുരുഷന്‍മാരെ പ്രചോദിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബ്രിട്ടീഷ്‌രാജ്‌ പുനഃസ്ഥാപിക്കപ്പെട്ടാല്‍ പിന്നെ തങ്ങളെ ബാക്കിവച്ചേക്കില്ല എന്നു പൂക്കോട്ടൂരുകാര്‍ക്കു നല്ലബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിജീവനത്തിനുവേണ്ടിയാണ്‌ അവര്‍ പടക്കോപ്പുകളൊരുക്കിയത്‌. രണ്ടായിരത്തോളം വരുന്ന മാപ്പിളപ്പോരാളികള്‍ ബ്രിട്ടീഷ്‌ പട്ടാളത്തോടെതിരിടാന്‍ സജ്ജരായി പൂക്കോട്ടൂരിലെ വയലില്‍ തമ്പടിച്ചു. ആഗസ്ത്‌ 26 വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ്‌ അവര്‍ പടക്കളത്തിലിറങ്ങി. നിരത്തിന്റെ കിഴക്കു ഭാഗത്തുള്ള വയലില്‍ സുമാര്‍ 30 വാര വിട്ട്‌ ഒരു തോടുണ്ടായിരുന്നു. ഇതാണു പോരാളികള്‍ കിടങ്ങായി ഉപയോഗിച്ചത്‌. നിര്‍ണായകമായ ഒരു പോരാട്ടസ്ഥാനമായിരുന്നു അത്‌. പട്ടാളക്കാര്‍ ഒഴിഞ്ഞ സ്ഥലത്തെത്തിയാല്‍ വയലിന്റെ ചുറ്റുമുള്ള വീടുകളില്‍നിന്നും തോട്ടങ്ങളിലെ മരങ്ങളില്‍നിന്നും പടിഞ്ഞാറുഭാഗത്തുള്ള കുന്നില്‍നിന്നും പട്ടാളക്കാരെ ആക്രമിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.

                                   പട്ടാളത്തിന്റെ മുന്‍നിര പൂക്കോട്ടൂര്‍ കടന്നു പിലാക്കലെത്തുമ്പോള്‍ മുന്നിലെ ലോറിയുടെ ടയറില്‍ നിറയൊഴിക്കാനും അതോടൊപ്പംതന്നെ നാലുഭാഗത്തുനിന്നും പട്ടാളക്കാരെ വളയാനുമായിരുന്നു പരിപാടി. പക്ഷേ, പ്രക്ഷോഭസംഘത്തില്‍ അവസാനമായി എത്തിച്ചേര്‍ന്ന പറാഞ്ചേരി കുഞ്ഞറമുട്ടിയും ഉള്ളാട്ട്‌ അയമുവും ഈ തീരുമാനം അറിഞ്ഞിരുന്നില്ല. മണല്‍ക്കൂനയ്്ക്കു പിന്നില്‍ മറഞ്ഞിരുന്ന അവര്‍ രണേ്ടാ മൂന്നോ സൈനിക ലോറി പാടത്തെത്തുമ്പോഴേക്കും വെടിയുതിര്‍ത്തു. ആദ്യം വെടിവച്ചത്‌ കുഞ്ഞറമുട്ടിയായിരുന്നു. വെടിപൊട്ടിയതോടെ ലോറികള്‍ പിറകോട്ടെടുത്ത്‌ പൂക്കോട്ടൂര്‍ ഭാഗത്തു കൊണ്ടുപോയി നിര്‍ത്തി. പിന്നീടു പട്ടാളക്കാര്‍ പാടത്തേക്കു പുകബോംബെറിഞ്ഞു. ഈ പുകയുടെ മറവില്‍ അവര്‍ നിര്‍ണായകസ്ഥലങ്ങളില്‍ യന്ത്രത്തോക്കുകള്‍ നിരത്തി. പുകയടങ്ങിയ ശേഷം വെടിവച്ച ഭാഗത്തേക്ക്‌ ഏതാനും പട്ടാളക്കാര്‍ നിര്‍ഭയരായി നടന്നുനീങ്ങി. ഇതു കണ്ട പ്രക്ഷോഭകാരികള്‍ അവരെ ലക്ഷ്യമാക്കി കുതിച്ചപ്പോള്‍ പെട്ടെന്നവര്‍ പിന്തിരിയുകയും മാപ്പിളപ്പോരാളികളെ ലക്ഷ്യമാക്കി നിരന്തരമായ വെടിവര്‍ഷം നടത്തുകയും ചെയ്തു. നാടന്‍തോക്കുകളും മറ്റു വെടിക്കോപ്പുകളും നൂതന ആയുധപ്രയോഗത്തിനു മുമ്പില്‍ അപര്യാപ്തമാണെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍, അജയ്യമായ ആത്മബലവും ഉജ്വലമായ ധീരതയും അവര്‍ക്കു കൈമുതലായിരുന്നു. കത്തിയും വാളും കുന്തവുമായി അവര്‍ യന്ത്രത്തോക്കുകളുടെ മുമ്പിലേക്കു ചീറിയടുത്തു. അവരില്‍ ഓരോരുത്തരും ശത്രുവിനു കാര്യമായ പ്രഹരം ഏല്‍പ്പിക്കാനാവാതെ രക്തസാക്ഷികളായിക്കൊണ്ടിരുന്നു. അവരിലെ രക്തസാക്ഷികളില്‍ 269 പേരും നെഞ്ചില്‍ മുറിവേറ്റാണു മരിച്ചത്‌. ഒരു പട്ടാള ഓഫിസറും സൂപ്രണ്ടും രണ്ടു പട്ടാളക്കാരുമടക്കം നാലുപേരാണു പോരാളികളാല്‍ വധിക്കപ്പെട്ടത്‌.

മാപ്പിളപ്പടകളുടെ പൂര്‍വപാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായ ഈ സംഭവം വേണ്ടത്ര ആസൂത്രണമില്ലാത്തതിന്റെ ഫലമായാണു അടിച്ചമര്‍ത്തപ്പെട്ടത്‌. വടക്കേവീട്ടില്‍ മമ്മദു അടക്കം 269 പേര്‍ ഈ യുദ്ധത്തില്‍ രക്തസാക്ഷികളായി. പട്ടാളക്കാര്‍ രക്തസാക്ഷികളില്‍ 60 പേരെ വലിച്ചിഴച്ചു ചെറുകാവില്‍ മൂസക്കുട്ടി എന്നയാളുടെ പുരയില്‍ കൊണ്ടുപോയിട്ട്‌ പുരയ്ക്കു തീക്കൊടുത്തെങ്കിലും അവരുടെ മയ്യിത്തുകള്‍ക്കു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. രക്തസാക്ഷികളുടെ മയ്യിത്തുകള്‍ റോഡിന്റെ പടിഞ്ഞാറുവശം നാലുസ്ഥലത്തായി ഖബറടക്കം നടത്തി.

മരണപ്പെട്ട പട്ടാളക്കാരെയും കൂട്ടി ലോറി മലപ്പുറത്തേക്കു തിരിച്ചു. ഉപ്പാളിപ്പടിയില്‍ വച്ചു ധീരനായ ഒരു പോരാളി സൈന്യത്തിന്റെ ഒരു ലോറി തകര്‍ത്തു. മലപ്പുറത്തിനടുത്തുള്ള വറങ്കോട്ടുകാരനായ
മങ്കരത്തൊടി കുഞ്ഞഹമ്മദ്‌ ആയിരുന്നു ആ പോരാളി. റോഡുവക്കത്തുണ്ടായിരുന്ന മരത്തില്‍ കൈബോംബുമായി കയറിയിരുന്ന്‌, താഴ്ഭാഗത്തുകൂടി കടന്നുപോയിരുന്ന കമാന്‍ഡിങ്ങ്‌ ഓഫിസും നാലു പട്ടാളക്കാരും കൂടി സഞ്ചരിച്ചിരുന്ന വണ്ടിയിലേക്കു ബോംബെറിയുകയാണ്‌ ആ ധീരന്‍ ചെയ്തത്‌. കമാന്‍ഡിങ്ങ്‌ ഓഫിസറും പട്ടാളക്കാരും ലോറിയുമെല്ലാം ചിന്നിച്ചിതറി. ആ ധീരപോരാളി തന്റെ ദേഹം മരത്തോടു ചേര്‍ത്തു ബന്ധിച്ചിരുന്നു. പട്ടാളക്കാരുടെ വെടിയേറ്റ്‌ അദ്ദേഹം ആ നിലയില്‍ രക്തസാക്ഷിയായി.

ശേഷിക്കുന്ന പോരാളികളെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യവുമായി ആഗസ്ത്‌ 30ന്‌ ബ്രിട്ടീഷ്‌ പട്ടാളം മലപ്പുറത്തെത്തി. പിന്നീട്‌ ഈ പട്ടാളം കുറ്റിപ്പുറത്തു നിന്നെത്തിയ മറ്റൊരു പട്ടാള യൂനിറ്റിനെയും കൂട്ടി തിരൂരങ്ങാടിക്കു പുറപ്പെട്ടു. ആലി മുസ്ലയ‍ര്‍ ഉള്‍പ്പെടെ 114 പേര്‍ തിരൂരങ്ങാടിപ്പള്ളിയില്‍ ഉണ്ടായിരുന്നു. അവര്‍ വലിയ സൈനികസന്നാഹങ്ങളോടെ വന്ന ബ്രിട്ടീഷ്‌ പട്ടാളത്തോട്‌ ഏറ്റുമുട്ടി, 24 പേര്‍ രക്തസാക്ഷികളായി. എന്നാല്‍, ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച ശേഷിക്കുന്ന പോരാളികളോടു കീഴടങ്ങാനും ഇല്ലെങ്കില്‍ ഡയനാമിറ്റ്‌ വച്ച്‌ പള്ളി തകര്‍ക്കുമെന്നും പട്ടാളം ഭീഷണി മുഴക്കി. പള്ളിയുടെ തകര്‍ച്ച ഭയന്ന ആലി മുസ്ലയ‍രും 37 അനുയായികളും അങ്ങനെ കീഴടങ്ങുകയാണുണ്ടായത്‌.

എന്നാല്‍, പൂക്കോട്ടൂര്‍കാരുടെ പോരാട്ടവീര്യം ഇതുകൊണെ്ടാന്നും ശമിക്കുകയുണ്ടായില്ല. ഒക്ടോബര്‍ 20ന്‌ അവര്‍ അതീവ പരിശീലനം സിദ്ധിച്ച ഗൂര്‍ഖാപട്ടാളവുമായി ഏറ്റുമുട്ടി. 46 പേര്‍ ഈ ഏറ്റുമുട്ടലില്‍ രക്തസാക്ഷികളായി. ഒക്ടോബര്‍ 25ന്‌ മേല്‍മുറി കാട്ടില്‍ പട്ടാളക്കാരുമായി ഒളിയുദ്ധം നടത്തിയതില്‍ 246 പോരാളികളാണു രക്തസാക്ഷികളായത്‌. തുടര്‍ന്ന്‌ 1922 ജനുവരിയില്‍ കാരാട്ട്‌ മൊയ്തീന്‍കുട്ടി ഹാജിയുടെ നേതൃത്വത്തില്‍ മൊറയൂരില്‍ വച്ചു നടന്ന യുദ്ധത്തിലും പൂക്കോട്ടൂരുകാര്‍ക്കു നിര്‍ണായക പങ്കുണ്ടായിരുന്നു. ഈ യുദ്ധത്തില്‍ 19 പേര്‍ രക്തസാക്ഷികളായി. ഇങ്ങനെ സ്ഥൈര്യത്തോടെ പോരാടിയതിന്റെ ഉജ്വലമായ വീരഗാഥകളാണു മാപ്പിളസമൂഹത്തിന്റെ ചരിത്രം. നാടിനെ ഒറ്റുകൊടുത്ത തദ്ദേശീയ അധികാരശക്തിയോടും സമ്പത്തും വിഭവങ്ങളും കൊള്ളയടിച്ചു വലിയ നേട്ടങ്ങളുണ്ടാക്കിയ സാമ്രാജ്യത്വശക്തികളോടും ഇടതടവില്ലാതെ പോരാടിയ മാപ്പിളസമൂഹത്തോടു നമ്മുടെ വ്യവസ്ഥാപിത ചരിത്രഭാഷ്യങ്ങള്‍ വേണ്ടത്ര നീതിചെയ്തിട്ടില്ല. കര്‍ഷകലഹളയും മാപ്പിളലഹളയും മാപ്പിളകലാപവുമായി ചുരുങ്ങിപ്പോയ മാപ്പിളമുന്നേറ്റങ്ങള്‍ ശരിയായസ്വാതന്ത്ര്യസമര  

 പ്രക്ഷോഭങ്ങളായിരുന്നെന്ന യാഥാര്‍ഥ്യം ആരൊക്കെ തമസ്കരിക്കാന്‍ ശ്രമിച്ചാലും അപ്പോള്‍ കൂടുതല്‍ വ്യക്തതയോടെ വെളിപ്പെടുന്നുണ്ട്‌.

അവലംബം:

1. Moplah Rebellion 192122, G.R.F. Tottenham
2. Islamic Society on the South Asian Frontier: The Mappilas of Malabar, Stephan Dale.
3. Against Lord and State, K.N. Panikkar.
4. Malabar Rabellion (19211922), M. Gangadharan.
5. മലബാര്‍ സമരം, എം.പി. നാരായണമേനോനും സഹപ്രവര്‍ത്തകരും, എം.പി.എസ്‌. മേനോന്‍.
6. മലബാര്‍ കലാപം, കെ. മാധവന്‍ നായര്‍.
7. കേരള മുസ്ലിം ഡയരക്ടറി, ഡോ. സി.കെ. കരീം


സൈനുദ്ധീൻ മന്ദലാംകുന്ന്
തേജസ്


 1921 ഓഗസ്റ്റ്‌ 26 ന്‌ വെള്ളിയാഴ്ചയാണ്‌ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്‌. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ നേരിടേണ്ടി വന്ന ഏകയുദ്ധം ഇതായിരുന്നു. ആ ചരിത്ര സംഭവം കഴിഞ്ഞിട്ട്‌ 87 വര്‍ഷം തികഞ്ഞു. അലി സഹോദരന്‍മാരുടെയും ഗാന്ധിജിയുടെയും ആഹ്വാനം കേട്ട്‌ സമരത്തിന്റെ തീച്ചൂളയിലേക്ക്‌ എടുത്തുചാടിയ പൂക്കോട്ടൂരിലെ പോരാളികളുടെ ഏറ്റവും വലിയ ആയുധം അഭിമാനബോധവും അടിയുറച്ച വിശാസവുമായിരുന്നു.


യുദ്ധത്തിനു മുന്‍പ്‌ തന്നെ പൂക്കോട്ടൂരില്‍ വെള്ളക്കാര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. തുര്‍ക്കിയെ ബ്രിട്ടന്‍ ആക്രമിച്ചതോടെ ലോകത്താകമാനമുള്ള മുസ്ലിംകള്‍ ബ്രിട്ടനെതിരായി മാറി. അലി സഹോദരന്‍മാര്‍ ഇന്ത്യയിലും ഖിലാഫത്ത്‌ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ പൂക്കോട്ടുരിലും അതിന്റെ അലയൊലികളുണ്ടായി. ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കു വീട്ടില്‍ മുഹമ്മദായിരുന്നു പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ നേതൃത്വം നല്‍കിയത്‌. 1920 ജൂണ്‍ 14 ന്‌ കോഴിക്കോട്‌ നടന്ന സമ്മേളനത്തില്‍ ഗാന്ധിജിയും മൌലാനാ ഷൌഖത്തലിയും പ്രസംഗിച്ചു.

പൂക്കോട്ടുരിലെ ജനസംഖ്യയില്‍ ഭൂരിപക്ഷമായിരുന്ന മാപ്പിളമാരധികവും സ്വന്തമായി ഭൂമിയില്ലാത്തവരും മറ്റ്‌ വരുമാന മാര്‍ഗമില്ലാത്തവരുമായിരുന്നു. ഇവരുടെ വീടുകളില്‍ മിക്ക ദിവസവും പട്ടിണിയായിരുന്നു. പൂക്കോട്ടൂരിലേയും പരിസര പ്രദേശങ്ങളിലേയും ഭൂമിയുടെ മുക്കാല്‍ ഭാഗവും നിലമ്പൂര്‍ കോവിലകം വകയുള്ളതാണ്‌. അവര്‍ക്ക്‌ പൂക്കോട്ടൂരില്‍ ഒരു കോവിലകമുണ്ട്‌. കോവിലകം വക ഭൂമി ഭൂരിഭാഗവും കുടിയാന്‍മാരായി പാട്ടത്തിനെടുത്തിരുന്നത്‌ കഠിനാദ്ധ്വാനികളായ മാപ്പിളമാരായിരുന്നു. ജന്‍മി - കുടിയാന്‍ ബന്ധം അക്കാലത്ത്‌ സൌഹാര്‍ദ്ധ പൂര്‍ണ്ണമായിരുന്നില്ല. അതുകൊണ്ട്‌ തന്നെ അക്കാലത്ത്‌ അനേകം ജന്‍മി കൂടിയാന്‍ സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്‌.


പൂക്കോട്ടൂരില്‍ ഖിലാഫത്ത്‌ പ്രസ്ഥാനം ദ്രുതഗതിയില്‍ വളരുകയും ശക്‌തമാവുകയും ചെയ്തു. വള്ളുവമ്പ്രം അധികാരി അഹമദ്‌ കുട്ടി പൂക്കോട്ടൂര്‍ കോവിലകത്തെ ചിന്നനുണ്ണിതമ്പുരാന്‍ എന്നിവര്‍ക്കും ഗവര്‍മെന്റ്‌ അനുകൂലികളായ ചില നാട്ടു പ്രമാണിമാര്‍ക്കും ഈ വളര്‍ച്ച ഇഷ്ടപ്പെട്ടില്ല. അവര്‍ വിരോധം പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ രംഗം വഷളായിത്തുടങ്ങി.


 അവസരത്തിലാണ്‌ വടക്കേവീട്ടില്‍ മുഹമ്മദ്‌ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക്‌ കടന്നു വന്നത്‌. അദ്ധേഹം പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മറ്റിയുടെ കാര്യദര്‍ശിയായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ്‌ നിലമ്പുര്‍ കോവിലകത്തെ ആറാം തിരുമുല്‍പ്പാടിന്റെ കാര്യസ്ഥനായിരുന്നു. മലബാറില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രബുദ്ധത അദ്ധേഹത്തേയും വന്‍തോതില്‍ സ്വാധീനിച്ചു. അദ്ധേഹം പ്രത്യേക താല്‍പര്യമെടുത്ത്‌ കുടിയാന്‍മാരായ കര്‍ഷകരെ സംഘടിപ്പിച്ച്‌ "കുടിയാന്‍ സംഘങ്ങള്‍" രൂപീകരിച്ചു. ഖിലാഫത്ത്‌ - നിസ്സഹകരണ പ്രസ്ഥാനങ്ങളുടെയും കുടിയാന്‍ സംഘത്തിന്റെയും അനിഷേധ്യ നേതാവായി ഉയര്‍ന്ന മുഹമ്മദിനെ നിസ്സാര കാരണം പറഞ്ഞ്‌ തിരുമുല്‍പാട്‌ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സര്‍ക്കാരിനെ പ്രീണിപ്പിക്കുകയായിരുന്നു തിരുമുല്‍പ്പാടിന്റെ ലക്‌ഷ്യം . എന്നാല്‍ കുടിയാന്‍ പ്രസ്ഥാനത്തോടും ഖിലാഫത്ത്‌ - സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടുള്ള എതിര്‍പ്പിന്റെ പ്രതിഫലനമായിട്ടാണ്‌ മുഹമ്മദും അനുയായികളും ഇതിനെ കണക്കാക്കിയത്‌. കുടിയാന്‍മാരായ ഹിന്ദുക്കളും മുസ്ലിംകളും മുഹമ്മദിന്റെ കീഴില്‍ ഉറച്ചു നിന്നു.


പിന്നീട്‌ മുഹമ്മദിന്റെയും അനുയായികളുടെയും ശക്‌തി തകര്‍ക്കാനും സമൂഹത്തില്‍ അവരെ ഇകഴ്ത്തിക്കെട്ടാനുമുള്ള കുതന്ത്രങ്ങളാണ്‌ തിരുമുല്‍പ്പാടും അനുചരന്‍മാരും സ്വീകരിച്ചത്‌. 1921 ജൂലൈ 28 അം തീയതി പൂക്കോട്ടുര്‍ കോവിലകത്തുള്ള പത്തായപ്പുര കള്ളത്താക്കോലിട്ട്‌ തുറന്ന്‌ അവിടെ ഉണ്ടായിരുന്ന ഒരു തോക്കും 130 രൂപയും കുറേ ആധാരങ്ങളും മോഷ്ടിച്ചുവെന്ന്‌ മുഹമ്മദിന്റെ പേരില്‍ കള്ളക്കേസുണ്ടാക്കി . മഞ്ചേരി സബ്‌ ഇന്‍സ്പെക്ടര്‍ ഗോവിന്ദ മേനോന്‍ മുഹമ്മദിന്റെ കടുത്ത വിരോധി ആയിരുന്ന അഹമ്മദ്‌ കുട്ടിയധികാരിയുമായി ഗൂഡാലോചന നടത്തി മുഹമ്മദിന്റെ വീട്‌ പരിശോധിക്കാനെത്തി. അവിടെ നിന്ന്‌ ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഈ സംഭവം പൂക്കോട്ടൂരിലെ ജനങ്ങളെ ക്ഷുഭിതരാക്കി. ഇത്‌ മുഹമ്മദിനേയും ഖിലാഫത്ത്‌ പ്രസ്ഥാനത്തേയും ഒതുക്കി നിര്‍ത്താനുള്ള ശ്രമമായിട്ടാണ്‌ പരക്കെ വിലയിരുത്തപ്പെട്ടത്‌. ജൂലൈ 31 ം തീയതി കോവിലകത്തെ കാര്യസ്ഥന്‍മാരിലൊരാളായ അപ്പുകുട്ടി മേനോന്‍ മലപ്പുറത്ത്‌ ചെന്ന്‌ ഇന്‍സ്പെക്ടര്‍ നാരായണമേനോനെ കണ്ട്‌ പൂക്കോട്ടുരില്‍ ഒരു വലിയ സംഘം ആളുകള്‍ തിരുമുല്‍പ്പാടിനെ ആക്രമിക്കുവാന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയിരിക്കുകയാണെന്ന്‌ അറിയിച്ചു.





ഇതേ തുടര്‍ന്ന്‌ ഇന്‍സ്പെക്ടര്‍ നാരായണമേനോന്‍ നറുകര അധികാരി അഹമ്മദ്‌ കുട്ടിയെയും കൂട്ടി പൂക്കോട്ടൂര്‍ കോവിലകത്തെത്തി. മുഹമ്മദിനെ വിളിച്ചു കൊണ്ടുവരുവാന്‍ അധികാരിയെ പറഞ്ഞയച്ചുവെങ്കിലും മുഹമ്മദ്‌ വരാന്‍ തയ്യാറായില്ല. മുഹമ്മദിനെ പിടിക്കാന്‍ പോലീസെത്തിയ വിവരം നാടൊട്ടുക്കും അതിവേഗം പരന്നു. രോഷം പൂണ്ട ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി നഗാരയടിച്ചു. ജനങ്ങള്‍ പെട്ടെന്നൊരുമിച്ചു കൂടി . അവര്‍ തക്ബീര്‍ മുഴക്കി കൊണ്ട്‌ ഇന്‍സ്പെക്ടര്‍ നാരായണ മേനോന്‍ താവളമടിച്ചിരുന്ന കോവിലകത്തേക്ക്‌ ജാഥയായി നീങ്ങി. നാരായണമേനോനെ വകവരുത്താനായിരുന്നു അവരുടെ പരിപാടി. ഭയവിഹ്വലനായ പോലീസ്‌ ഇന്‍സ്പെക്ടര്‍ മാപ്പു പറഞ്ഞപ്പോള്‍ ജനങ്ങള്‍ പിരിഞ്ഞു പോയി. ഖിലാഫത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നു വരെ ഭീരുവായ ആ പോലീസുദ്യോഗസ്ഥന്‍ പറയുകയുണ്ടായി.


അന്നു രാത്രി തന്നെ ചിന്നനുണ്ണി തമ്പുരാന്‍ നിലമ്പൂരിലേക്ക്‌ രക്ഷപ്പെട്ടു. ഇന്‍സ്പെക്ടര്‍നാരായണമേനോന്‍ അന്ന്‌ ഇളിഭ്യനായി തിരിച്ചു പോയെങ്കിലും മുഹമ്മദിനേയും ഖിലാഫത്ത്‌ പ്രവര്‍ത്തകരേയും അറസ്റ്റ്‌ ചെയ്യുവാന്‍ പിന്നേയും പലവട്ടം ശ്രമം നടത്തുകയുണ്ടായി. പോലീസിന്റെ പ്രകോപനപരമായ ഈ നടപടി ജനങ്ങളെ ഒന്നടങ്കം മുഹമ്മദിന്റെ അനുയായികളും അനുഭാവികളുമാക്കിത്തീര്‍ത്തു.


1921 ആഗസ്ത്‌ 20ന്‌ തിരുരങ്ങാടി പള്ളിക്ക്‌ ബ്രിട്ടീഷ്‌ പട്ടാളം വെടിവെച്ചുവെന്ന വാര്‍ത്ത കാട്ടു തീ പോലെ പരന്നു. ഈ വാര്‍ത്ത അതിവേഗം പൂക്കോട്ടൂരിലുമെത്തി. കിട്ടിയ ആയുധങ്ങളുമായി തിരൂരങ്ങാടിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ഒന്നുകില്‍ വെള്ളപ്പട്ടാളത്തെ തകര്‍ക്കുക അല്ലെങ്കില്‍ പൊരുതി മരിക്കുക എന്നതായിരുന്നു അവരുടെ തീരുമാനം. . വാര്‍ത്തയറിഞ്ഞു കോണ്‍ഗ്രസ്‌ - ഖിലാഫത്ത്‌ നേതാക്കള്‍ പൂക്കോട്ടൂരില്‍ കുതിച്ചെത്തി. അബ്ദുറഹിമാന്‍ സാഹിബ്‌, എം.പി നാരായണമേനോന്‍ , ഇ. മൊയ്തു മൌലവി, ഗോപാലമേനോന്‍ എന്നിവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. സ്നേഹ സമ്പന്നനും പൂക്കോട്ടൂരിലെ മാപ്പിളമാരുടെ ഉറ്റമിത്രവുമായിരുന്ന എം.പി നാരായണമേനോനും അബ്ദുറഹ്മാന്‍ സാഹിബും സമരഭടന്‍മാരോട്‌ തിരൂരങ്ങാടിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ ആവശ്യപ്പെട്ടു. സഹോദര്യ സ്നേഹത്തിന്റെ അത്യുന്നത വക്‌താവായിരുന്ന മുഹമ്മദ്‌ അബ്ദു റഹ്മാന്‍ സാഹിബ്‌ തന്റെ കാളവണ്ടിയില്‍ കയറി നിന്ന്‌ ചെയ്‌ത പ്രസംഗം സ്നേഹസാന്ദ്രവും വികാരതരളിതവുമായിരുന്നുവെന്ന്‌ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌." പ്രിയപ്പെട്ട സഹോദരന്‍മാരെ നമ്മുടെ ഉമ്മമാരേയും സഹോദരിമാരെയും വീട്ടില്‍ തനിച്ചാക്കി തിരൂരങ്ങാടിയില്‍ പോയി യുദ്ധക്കളത്തില്‍ മരിച്ചാല്‍ നിങ്ങളുടെ ആത്മാവിന്‌ ശാന്തി കിട്ടുമോ? വെള്ളപ്പട്ടാളവും സാമൂഹിക ദ്രോഹികളും അവരെ കടിച്ചു കീറുകില്ലേ? " എന്നു ചോദിച്ചു കൊണ്ടുള്ള അബ്ദുറഹിമാന്‍ സാഹിബിന്റെ പ്രസംഗം അവരുടെ കണ്ണുകളെ ഈറനണിയിച്ചു.. നേതാക്കളുടെ ഉപദേശം കേട്ട അവര്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞു.

പിന്നീടവര്‍ നിലമ്പൂര്‍ കോവിലകത്തെ ആറാം തിരുമുല്‍പ്പാടിനോട്‌ പകരം ചോദിക്കണമെന്ന ഉദ്ദ്യേശത്തോടെ നിലമ്പൂരിലേക്ക്‌ പോയി. അവര്‍ എടവണ്ണ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ തോക്കുകള്‍ കരസ്ഥമാക്കി. വഴിയിലാരെയും അവര്‍ ഉപദ്രവിച്ചിരുന്നില്ല.
കോവിലകത്തെത്തിയപ്പോള്‍ പടിക്കല്‍ കാവല്‍ നിന്നിരുന്നവര്‍ വെടിവെച്ചു. കാവല്‍ക്കാരില്‍ കുറേ മാപ്പിളമാര്‍ ഉണ്ടായിരുന്നുവെന്നതിനാല്‍ തമ്പുരാന്‌ മാപ്പിളമാരോടോ മാപ്പിളമാര്‍ക്ക്‌ തമ്പുരാനോടോ സാമുദായിക വിദ്വേഷമുണ്ടായിരുന്നില്ല എന്നു മനസ്സിലാക്കാമെന്ന്‌ " മലബാര്‍ സമരം എം.പി നാരായാണമേനോനും സഹപ്രവര്‍ത്തകരും " എന്ന ഗ്രന്ഥത്തില്‍ പ്രൊഫ: എം.പി.എസ്‌ മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പൂക്കോട്ടൂര്‍ മാപ്പിളമാര്‍ക്ക്‌ തമ്പുരാനോടുണ്ടായിരുന്ന പകക്ക്‌ കാരണം തമ്പുരാന്റെ കുടിയാന്‍ ദ്രോഹനയവും വടക്കേ വീട്ടില്‍ മുഹമ്മദിനെ കള്ളക്കേസില്‍ കുടുക്കിയതും മാത്രമായിരുന്നു.



കാവല്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ 17 പേര്‍ വധിക്കപ്പെട്ടു.കാവല്‍ക്കാരെ
കീഴടക്കിയ മാപ്പിളമാര്‍ അകത്ത്‌ കടന്ന്‌ " തമ്പുരാനെവിടെ അവനെ പിടിക്ക്‌" എന്നാക്രോശിച്ചു. ശബ്ദം കേട്ട്‌ ഇറങ്ങി വന്ന ഇളയതമ്പുരാന്‍ " ഞാനാണ്‌ ഇളയതമ്പുരാന്‍, നിങ്ങള്‍ക്ക്‌ തമ്പുരാനെ വേണമെങ്കില്‍ എന്നെ കൊല്ലാം " എന്നു പറഞ്ഞ്‌ സധൈര്യം മുന്നോട്ട്‌ വന്നു. മാപ്പിളമാര്‍ അദ്ധേഹത്തെ ഒന്നും ചെയ്തില്ല. അദ്ധേഹത്തിന്റെ ധീരതയെ പുകഴ്ത്തി കൊണ്ടവര്‍ സ്ഥലം വിട്ടു. ആറാം തിരുമുല്‍പ്പാട്‌ സ്ഥലത്തില്ല എന്നു മനസ്സിലാക്കിയ മാപ്പിളമാര്‍ അവിടെയുണ്ടായിരുന്ന രേഖകളും റിക്കാര്‍ഡുകളും നശിപ്പിച്ചു. കോവിലകത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളടക്കമുള്ള ആരേയും അവര്‍ ഉപദ്രവിച്ചിരുന്നില്ല എന്ന്‌ എം.പി സ്‌ മേനോന്‍ രേഖപ്പെടുത്തിയിട്ടൂണ്ട്‌. തിരിച്ചു വരുമ്പോള്‍ മഞ്ചേരിയിലെ ഗവര്‍മെണ്ട്‌ ഖജനാവ്‌ തകര്‍ക്കുകയും അളവറ്റ പണവും
സമ്പത്തും പാവങ്ങള്‍ക്ക്‌ വാരിയെറിഞ്ഞു കൊടുക്കുകയും ചെയ്തു.


പൂക്കോട്ടൂരും പരിസര പ്രദേശങ്ങളും ഖിലാഫത്ത്‌ കമ്മറ്റിയുടെ ഭരണത്തിന്‍ കീഴിലായി. പരിചയമില്ലാത്ത ആരെ കണ്ടാലും പിടിച്ചു കൊണ്ട്‌ പോയി പോലീസിന്റെ ആളാണോ എന്ന്‌ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

വടക്കേ വീട്ടില്‍ മുഹമ്മദ്‌, പറാഞ്ചേരി കുഞ്ഞറമുട്ടി, കൊല്ലപ്പറമ്പന്‍ അബ്ദു ഹാജി , കാരാടന്‍ മൊയ്തീന്‍ കുട്ടി ഹാജി, മന്നെതൊടി കുഞ്ഞാലന്‍ ഹാജി, പൊറ്റയില്‍ കുഞ്ഞോക്കര്‍ എന്നിവരായിരുന്നു ഭരണ നേതൃത്വം വഹിച്ചിരുന്നത്‌. പോലീസിനു വേണ്ടി ചാരപ്പണി ചെയ്‌തതിന്‌ പിടിക്കപ്പെട്ട എരുകുന്നന്‍ കുഞ്ഞമ്മദ്‌, അമ്പലതിങ്ങല്‍ കൃഷണപ്പണിക്കര്‍, മുണ്ടന്‍ തേരു, മഞ്ചേരി സ്വദേശി വട്ടപറമ്പന്‍ അലവി എന്നിവര്‍ വധിക്കപ്പെട്ടു. പൂക്കോട്ടൂരിലും പരിസര പ്രദേശങ്ങളിലും തോക്കുകളുള്ള വീടുകളില്‍ കയറി തോക്കുകളെല്ലാം സമരപ്രവര്‍ത്തകര്‍ എടുത്തിരുന്നു. ഇതില്‍ എല്ലാ സമുദായത്തില്‍ പെട്ടവരുടെയും ഉണ്ടായിരുന്നുവെന്നല്ലാതെ പൂക്കോട്ടൂരിലെ ഖിലാഫത്ത്‌ - സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ വര്‍ഗീയതയുടെ നിറം തന്നെ കാണാന്‍ സാധ്യമല്ല. കലാപകാരികളൂടെ രോഷത്തിനിരയായവര്‍ മിക്കവരും ഗവര്‍മെണ്ട്‌ അനുകൂലികളായ മുസ്ലിംകളായിരുന്നു.

1921 ഓഗസ്റ്റ്‌ 20 ന്‌ കണ്ണൂരില്‍ നിന്നും ഒരു സംഘം ബ്രിട്ടീഷ്‌ പട്ടാളക്കാര്‍ മലപ്പുറത്തേക്ക്‌ പുറപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത കോഴിക്കോട്ടെ ഖിലാഫത്ത്‌ കേന്ദ്ര കമ്മറ്റിയില്‍ നിന്നും പൂക്കോട്ടൂരില്‍ കിട്ടി. പട്ടാളത്തെ പൂക്കോട്ടൂരില്‍ വെച്ച്‌ നേരിടണമെന്ന്‌ മാപ്പിളമാര്‍ തീരുമാനിച്ചു. ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. കാരാട്ട്‌ മൊയ്‌തീന്‍ കുട്ടി ഹാജിയും വടക്കേവീട്ടില്‍ മുഹമ്മദും നേതൃത്വം നല്‍കി.. യുദ്ധകാഹളം മുഴങ്ങി. കോഴിക്കോട്‌ -പാലക്കാട്‌ റൂട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പാലം പൊളിച്ചും മരങ്ങള്‍ മുറിച്ചിട്ടും റോഡ്‌ തടസ്സപ്പെടുത്തി. പട്ടാളത്തിന്റെ യാത്ര ക്ലേശകരമായിരുന്നെങ്കിലും എല്ലാം തരണം ചെയ്‌ത്‌ ഓഗസ്റ്റ്‌ 25 ന്‌ അവര്‍ അറവങ്കര പാപ്പാട്ടുങ്ങല്‍ എന്ന സ്ഥലത്തെത്തി. അവിടെയുള്ള വലിയ പാലം പൊളിച്ചിട്ടിരുന്നതിനാല്‍ അന്നവര്‍ കൊണ്ടോട്ടിയിലേക്ക്‌ മടങ്ങി.

പിറ്റെ ദിവസം പട്ടാളം വീണ്ടും വരികയും പള്ളിപ്പണിക്ക്‌ കരുതിവെച്ചിരുന്ന മരങ്ങളും തെങ്ങും എടുത്ത്‌ താല്‍ക്കാലിക പാലം നിര്‍മിച്ച്‌ വാഹനങ്ങള്‍ മുന്നോട്ടെടുക്കുകയും ചെയ്തു.



യുദ്ധസന്നദ്ധരായ മാപ്പിളമാര്‍ മുന്‍ തീരുമാനപ്രകാരം പൂക്കോട്ടൂരിനും പിലാക്കലിനുമിടക്കുള്ള പാടത്തും തോട്ടിലുമായി പട്ടാളത്തെ കാത്തിരുന്നു. രണ്ടായിരത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. പൂക്കോട്ടൂര്‍ അംശക്കാര്‍ക്ക്‌ പുറമേ വെള്ളുവമ്പ്രം, പൊടിയാട്‌ മേല്‍മുറി ,പുല്ലാര,വീമ്പൂര്‍, ആനക്കയം,പന്തല്ലൂര്‍, പാണ്ടിക്കാട്‌, പാപ്പിനിപ്പാറ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ യുദ്ധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.. പിലാക്കല്‍ അങ്ങാടിയില്‍ ഒരു വലിയ പുളിമരം മുറിച്ചിട്ട്‌ റോഡില്‍ തടസ്സമുണ്ടാക്കി.


ഇരുപത്തി രണ്ട്‌ ലോറികളിലായിട്ടാണ്‌ പട്ടാളക്കാര്‍ എത്തിയത്‌. വാഹന വ്യൂഹത്തിന്റെ മുന്‍ നിര പിലാക്കല്‍ അങ്ങാടിയിലെത്തുമ്പോള്‍ മുന്നിലെ ലോറിക്ക്‌ വെടിവെക്കാനും അതോടൊപ്പം നാല്‌ ഭാഗത്ത്‌ നിന്നും വളയാനുമായിരുന്നു പരിപാടി. യുദ്ധതന്ത്രം മെനയുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന പറാഞ്ചേരി കുഞ്ഞറമുട്ടിയും അയമുവും ഈ തീരുമാനമറിഞ്ഞിരുന്നില്ല. അവര്‍ അവസാനമായിരുന്നു എത്തിച്ചേര്‍ന്നത്‌. മണ്‍കൂനക്ക്‌ പിന്നിലിരുന്നിരുന്ന പറാഞ്ചേരി കുഞ്ഞറമുട്ടി രണ്ടോ മൂന്നോ ലോറി പാടത്ത്‌ ഭാഗത്തേക്ക്‌ കടന്നതോടെ ലോറിക്ക്‌ നേരെ വെടിവെച്ചു. വെടിയൊച്ച കേട്ടതോടെ കൌശലക്കാരായ ബ്രിട്ടീഷ്‌ പട്ടാളം ലോറികള്‍ പിന്നോട്ടെടുക്കുകയും പൂക്കോട്ടൂര്‍ അങ്ങാടിയില്‍ ഇറങ്ങുകയും ചെയ്തു. ഉടനെ തന്നെ പട്ടാളം പുക ബോംബെറിഞ്ഞു പുക നിറഞ്ഞതോടെ മാപ്പിള പോരാളികള്‍ക്ക്‌ തോക്കുകള്‍ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിഞ്ഞില്ല. അവരുടെ വെടിയുണ്ടകളുടെ ഉന്നം പിഴച്ചു. അന്തരീക്ഷം നിറയെ പുകപടലം മൂടിയതോടേ പട്ടാളക്കാര്‍ അതിന്റെ മറവില്‍ യന്ത്രത്തോക്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കി റോഡില്‍ നിരത്തി. പുകപടലമൊന്നടങ്ങിയപ്പോള്‍ പത്തോളം പട്ടാളക്കാര്‍ പിലാക്കല്‍ ഭാഗത്തേക്ക്‌ നടന്നു. ഇത്‌ ചതിയാണെന്നറിയാതെ മാപ്പിള പോരാളികള്‍ അവരെ പിടിക്കാന്‍ മുന്നോട്ട്‌ കുതിച്ചു. പട്ടാളക്കാര്‍ പെട്ടെന്ന്‌ പിന്നോട്ടോടി യന്ത്രതോക്കുകളുടെ പിന്നിലെത്തി. മെഷീന്‍ ഗണ്ണൂകള്‍ ഗര്‍ജ്ജിക്കാന്‍ തുടങ്ങി. പിന്തുടര്‍ന്ന പോരാളികളെ മുഴുവന്‍ വധിച്ചു. ഇത്‌ രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചു. കൂടുതലാളുകള്‍ മരിക്കാനിടയായത്‌ ഇക്കാരണത്താലാണ്‌. നാട്ടുകാര്‍ തങ്ങളുടെ കൈവശമുള്ള കൈതോക്കുകളും മറ്റായുധങ്ങളുമായി പട്ടാളത്തിന്‌ കഴിയുന്നത്ര നാശനഷ്ടങ്ങള്‍ വരുത്താന്‍ ശ്രമിച്ചു. പക്ഷേ കൈതോക്കുകള്‍ക്ക്‌ പീരങ്കികളോടും വലിയ യന്ത്രതോക്കുകളോടും കിടപിടിക്കാന്‍ കഴിഞ്ഞില്ല. ഈശ്വരവിശാസത്തിന്റെ ശക്‌തമായ പിന്‍ബലത്തില്‍ മാപ്പിളമാര്‍ വാളുകളും കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി പട്ടാളക്കാരുടെ നേരെ കുതിച്ചു. പീരങ്കിയുണ്ടകള്‍ക്ക്‌ മുമ്പില്‍ തലകുനിക്കാതെ അവര്‍ പൊരുതി. സ്പെഷല്‍ ഫോഴ്സ്‌ സൂപ്രണ്ടായിരുന്ന ലങ്കാസ്റ്ററെ അവര്‍ വെട്ടി വീഴ്ത്തി. ആദ്യം വെടിയുതിര്‍ത്ത പറാഞ്ചേരി കുഞ്ഞറമുട്ടിയും അയമുവും തങ്ങളുടെ പക്കലുണ്ടായിരുന്ന നൂറോളം തിരകള്‍ തീര്‍ന്നപ്പോള്‍ വെളിയില്‍ വന്ന്‌ ധീര രക്‌തസാക്ഷിയായി. പൂക്കോട്ടൂരിന്റെ നായകന്‍ വടക്കു വീട്ടില്‍ മുഹമ്മദും യുദ്ധ ഭൂമിയില്‍ ശഹീദായി.

മൂന്ന്‌ മണിക്കൂറിലധികം നീണ്ട്‌ നിന്ന ഉഗ്രപോരാട്ടത്തില്‍ നാനൂറോളം മാപ്പിളമാര്‍ കൊല്ലപ്പെട്ടു. ഇവര്‍ക്കൊക്കെ നെഞ്ചത്തായിരുന്നു വെടികൊണ്ടതെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു. ഇത്‌ അവരുടെ അസാധാരണമായ ധൈര്യത്തേയും അചഞ്ചലമായ വിശ്വാസത്തെയുമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. അവരുടെ ഏറ്റവും വലിയ ആയുധം അഭിമാനബോധവും അടിയുറച്ച വിശ്വാസവുമായിരുന്നു. ബേസ്റ്റണ്‍ ലങ്കാസ്റ്റര്‍ അടക്കം ഒമ്പത്‌ ബ്രിട്ടീഷുകാരും എട്ട്‌ പട്ടാളക്കാരും പ്രസ്‌തുത യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതിഭയങ്കരമായ ശൂരതയാണ്‌ മാപ്പിളമാര്‍ യുദ്ധത്തില്‍ കാണിച്ചതെന്നാണ്‌ ബ്രിട്ടീഷുദ്യോഗസ്ഥന്‍മാര്‍ പറഞ്ഞത്.

യുദ്ധാനന്തരം വിജയോന്‍മാദത്തോടെ മലപ്പുറത്തേക്ക്‌ പോവുകയായിരുന്ന പട്ടാള ലോറികളിലൊന്ന്‌ വാറങ്കോട്ട്‌ വെച്ച്‌ മങ്കരത്തൊടി കുഞ്ഞമ്മദ്‌ എന്ന മാപ്പിള പോരാളി തകര്‍ത്തു. കമന്റിംഗ്‌ ഓഫീസര്‍ ലങ്കാര്‍ സായ്പ്പും നാല്‌ ബ്രിട്ടീഷ്‌ പട്ടാളക്കാരും സഞ്ചരിച്ചിരുന്ന ലോറിയിലേക്ക്‌ ഒരു മരത്തിന്റെ മുകളില്‍ നിന്ന്‌ അദ്ധേഹം കൈബോംബെറിയുകയായിരുന്നു. ലങ്കാര്‍ സായ്പ്പിന്റെയും പട്ടാളക്കാരുടെയും ശരീരം ലോറിയോടൊപ്പം ചിന്നിച്ചിതറി. കുഞ്ഞമ്മദ്‌ തന്റെ ശരീരം മരത്തോട്‌ ചേര്‍ത്ത്‌ ഒരു കയര്‍ കൊണ്ട്‌ ബന്ധിച്ചിരുന്നു. പട്ടാളക്കാരുടെ വെടിയേറ്റ ആ ധീരസേനാനി കിടന്നകിടപ്പില്‍ തന്നെ മരിച്ചു. വെടിയേറ്റ്‌ ആ ശരീരത്തിലെ മാംസമൊക്കെ തെറിച്ച്‌ പോയിരുന്നു. യുദ്ധത്തില്‍ വിജയികളായ വെള്ളക്കാര്‍ റോഡ്‌ വക്കിലെ വീടുകളെല്ലാം അഗ്നിക്കിരയാക്കി. 60 മയ്യിത്തുകള്‍ പട്ടാളക്കാര്‍ വലിച്ചിഴച്ച്‌ ചെറുകാവില്‍ മൂസക്കുട്ടി എന്നയാളുടെ പുരയിടത്തിലിട്ട്‌ പുരക്ക്‌ തീ കൊളുത്തിയെങ്കിലും മയ്യിത്തുകള്‍ക്ക്‌ ഒന്നും സംഭവിച്ചിരുന്നില്ല. യുദ്ധം അവസാനിച്ച ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടൂകയും മയ്യിത്തുകള്‍ എടുത്ത്‌ മറവ്‌ ചെയ്യുന്നതില്‍ വ്യാപൃതരാവുകയും ചെയ്തു.
ഇതിനു ശേഷവും ഇവിടെ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്‌. 1921 ഒക്ടോബര്‍ 20 ന്‌ ഗൂര്‍ഖാ പട്ടാളത്തോടേറ്റുമുട്ടി 46 പേര്‍ മരിച്ചു. ഒക്റ്റോബര്‍ 25 ന്‌ മേല്‍മുറിക്കാട്ടില്‍ പട്ടാളവുമായി നടത്തിയ ഗറില്ലാ യുദ്ധത്തില്‍ 246 പേരാണ്‌ മരണപ്പെട്ടത്‌. 1922 ജനുവരി മാസത്തില്‍ കാരാടന്‍ മൊയ്തീന്‍ കുട്ടിഹാജിയുടെ നേതൃത്വത്തില്‍ മൊറയൂരില്‍ വെച്ച്‌ നടന്ന യുദ്ധത്തില്‍ 19 പേര്‍ മരണപ്പെട്ടു. നിരവധി പേരെ പട്ടാളം ആന്‍ഡമാനിലേക്ക്‌ നാടു കടത്തി .അനേകം പേരെ തൂക്കിക്കൊന്നു. ഏതാനും പേരെ ബെല്ലാരി, തൃശ്ശിനാപ്പള്ളി, സേലം, തുടങ്ങിയിടങ്ങളിലെ ജയിലുകളിലേക്കയച്ചു. പലര്‍ക്കും കടുത്ത മര്‍ദ്ധനമേല്‍ക്കേണ്ടി വന്നു. കൂട്ടപ്പിഴ ചുമത്തപ്പെട്ടു.

വെള്ളക്കാരന്റെ കിരാത ഭരണത്തില്‍ നിന്നും മാതൃരാജ്യത്തെ മോചിപ്പിക്കാന്‍ പൂക്കോട്ടൂരിലെ മാപ്പിളയോദ്ധാക്കള്‍ ഹൃദയരക്‌തം കൊണ്ട്‌ ചരിത്രമെഴുതുകയായിരുന്നു. പക്ഷേ ഈ പോരാട്ടത്തെ ചരിത്രപുസ്തകങ്ങള്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണ്‌. പണ്ട്‌ പൂക്കോട്ടൂര്‍ യുദ്ധത്തെ കുറിച്ച്‌ ചെറിയ ഖണ്ഡികയെങ്കിലും പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നു.എന്നാലിന്ന്‌ വടക്കേവീട്ടില്‍ മുഹമ്മദിനെ അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ ശ്രമിച്ചത്‌ പോലീസും ജനങ്ങളും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകള്‍ക്ക്‌ വഴിയൊരുക്കി എന്ന ഒറ്റവരിയില്‍ ഈ ചരിത്ര സംഭവത്തെ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. ചരിത്രകാരന്‍മാരുടെ ഉള്ളിലിരുപ്പ്‌ എന്തായിരുന്നാലും ഈ പോരാട്ടം പൂക്കോട്ടൂരിലെ പുതുതലമുറക്കിന്നും ആവേശമാണ്‌.

പി കെ ഹംസ
ചന്ദ്രിക 1997

 




ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ഏകയുദ്ധമാണ് പൂക്കോട്ടൂര്‍ യുദ്ധം. നാന്നൂറോളം മാപ്പിളമാര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായി. ഇന്ത്യയുടെ ചരിത്രത്തിന്റെ സുപ്രധാന ഏടുകളിലൊന്നായിട്ടും പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ശേഷിപ്പുകള്‍ സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്.

1921ല്‍ കണ്ണൂരില്‍ നിന്ന് ബ്രിട്ടീഷ് പട്ടാളം മലപ്പുറത്തേക്ക് തിരിച്ചുണ്ടെന്ന വാര്‍ത്ത പരന്നു. പട്ടാളത്തെ ഈ പൂക്കോട്ടൂര്‍ വെച്ചാണ് പോരാളികള്‍ നേരിട്ടത്. അത്യാധുനിക യന്ത്രത്തോക്കുകളുമായെത്തിയ ബ്രിട്ടീഷ് പട്ടാളത്തിന് മുന്നില്‍ പൂക്കോട്ടൂര്‍ പോരാളികളുടെ നാടന്‍ തോക്കുകള്‍ പരാജയപ്പെട്ടു. മുന്നൂറോളം പേര്‍ പൂക്കോട്ടൂര്‍ യുദ്ധഭൂമിയില്‍ വെടിയേറ്റ് വീണു. പാടത്ത് മരിച്ചുവീണ് മൃതദേഹങ്ങള്‍ അഞ്ച് സ്ഥലങ്ങളിലായി കുഴിയെടുത്ത് കൂട്ടമായി സംസ്‌കരിക്കുകയായിരുന്നു. പൂക്കോട്ടൂര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും നെഞ്ചിലായിരുന്നു വെടിയേറ്റിരുന്നത്

ഇത്രയേറെ ചരിത്രപ്രാധാന്യമുള്ള പൂക്കോട്ടൂര്‍ യുദ്ധത്തിന് പക്ഷേ മതിയായ പരിഗണന ലഭിച്ചിട്ടില്ല. രക്തസാക്ഷികളെ മറമാടിയ കിണറുകളും ഖബറിടവുമെല്ലാം നാശത്തിന്റെ വക്കിലാണ്. യുദ്ധസ്മാരകം പോലും ഇനിയും നിര്‍മ്മിക്കപ്പെട്ടിട്ടില്ല


 പൂക്കോട്ടൂര്‍: 1921ല്‍ പൂക്കോട്ടൂരില്‍ നടന്ന പോരാട്ടം ലോകത്തെ മുഴുവന്‍ സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്കും പ്രചോദനവും ഊര്‍ജ്ജവുമാണെന്ന് എം.പി. അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു.  'പൂക്കോട്ടൂര്‍ പോരാട്ടം, ചരിത്രം വര്‍ത്തമാനം' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി പൂക്കോട്ടൂര്‍ യൂനിറ്റ് മുണ്ടിതൊടികയില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയുടെ ദേശീയബോധത്തെയും മതേതര ഭരണഘടനയെയും രൂപപ്പെടുത്തുന്നതില്‍ മലബാറില്‍ രൂപപ്പെട്ട ചെറുത്തുനില്‍പ് കൂട്ടായ്മകള്‍ക്ക് വലിയ പങ്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും രൂപപ്പെട്ട ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് സാമ്രാജ്യത്വത്തെ ഭയപ്പെടുത്തുന്നതെന്നും അതുകൊണ്ട് ചരിത്രത്തെ വര്‍ത്തമാനവല്‍ക്കരിക്കേണ്ട സന്ദര്‍ഭത്തിലാണ് ഇപ്പോഴും നമ്മുടെ നാട് എത്തിനില്‍ക്കുന്നതെന്നും തുടര്‍ന്ന് സംസാരിച്ച പ്രമുഖ ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.ചരിത്രത്തില്‍ പൂക്കോട്ടൂര്‍ പോരാട്ടവും മലബാര്‍ സമരവും അര്‍ഹമായ രീതിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെക്കുറിച്ച് വരുംതലമുറക്ക് അറിയാനും പഠിക്കാനുമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു.


ഇസ്‌ലാമിക ആദര്‍ശത്തിന്റെ സവിശേഷമായ വിമോചനമുഖത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് ധീരരായ മാപ്പിളമാര്‍ ബ്രിട്ടീഷ് അടിമത്തത്തിനെതിരെ രംഗത്തുവന്നതെന്നും ജാതിമതഭേദമന്യേ മുഴുവന്‍ ആളുകളെയും ചേര്‍ത്തുനിര്‍ത്തി വലിയ ചെറുത്തുനില്‍പ് നടത്താന്‍ അതവരെ പ്രേരിപ്പിച്ചുവെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീറും കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയരക്ടറുമായ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു.

സ്ത്രീകളും കുട്ടികളും വരെ പൂക്കോട്ടൂര്‍ പോരാട്ടത്തില്‍ പങ്കെടുത്തുന്നുവെന്നും ഓരോ വീട്ടിലും ഓരോ രക്തസാക്ഷിയെങ്കിലും ഉണ്ടാവുന്ന തരത്തിലാണ് മലബാറില്‍ സ്വാതന്ത്ര്യസമരം നടന്നതെന്നും  പി.എസ്.എം.ഒ. കോളജ് ചരിത്രവിഭാഗം തലവന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ സത്താര്‍ പറഞ്ഞു.
സോളിഡാരിറ്റി പൂക്കോട്ടൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന 'പൂക്കോട്ടൂര്‍ പോരാട്ടത്തിന്റെ പറഞ്ഞുതീരാത്ത കഥകള്‍' എന്ന ഡോക്യമെന്ററി ശൈഖ് മുഹമ്മദ് കാരകുന്ന് പ്രകാശനം ചെയ്തു.

സാമൂഹ്യസേവനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന മാരിയാട് ആര്‍ട്‌സ് ആന്റ്‌സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍, സംസ്ഥാന കലോത്സവത്തിലും മീഡിയാവണ്‍ ചാനലിലും മികച്ച പ്രകടനം നടത്തിയ റബീഉള്ള പൂല്‍പറ്റ, പൂക്കോട്ടൂരിനെക്കുറിച്ചുള്ള ഗാനത്തിന് ഈണവും ശബ്ദവും നല്‍കിയ അമീന്‍ യാസിര്‍, സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പൂക്കോട്ടൂരിന്റെ ചരിത്രവും പൈതൃകവും പ്രചരിപ്പിച്ച ബഷീര്‍ പൂക്കോട്ടൂര്‍, ചെറുപ്രായത്തില്‍ തന്നെ കാര്‍ഷികരംഗത്ത് മാതൃക കാണിച്ച് അംഗീകാരങ്ങള്‍ നേടിയ വിദ്യാര്‍ത്ഥി മുഹമ്മദ് റിസ്‌വാന്‍ തുടങ്ങിയ പ്രതിഭകളെ പി. ഉബൈദുല്ല എംഎല്‍എ ആദരിച്ചു.

  സെമിനാറില്‍ ശിഹാബ് പൂക്കോട്ടൂര്‍ ആധ്യക്ഷം വഹിച്ചു. എം. അബ്ദുല്‍ ജലീല്‍ സ്വാഗതവും കെ. മുഹ്‌യിദ്ദീന്‍ അലി നന്ദിയും പറഞ്ഞു. റബീഉള്ളയുടെ ഗാനവിരുന്നും ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ത്ഥികളുടെ വില്‍പാട്ടും അരങ്ങേറി.

Islam Onlive
Feb 9 -2015

Popular Posts